‘റാണയെ മാത്രമല്ല ദാവൂദിനെയും നീരവ് മോദിയെയും ഇന്ത്യയിൽ എത്തിക്കണം’: ആവശ്യവുമായി ശിവസേനാ നേതാവ്

Mail This Article
മുംബൈ∙ തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറുന്നതിന് യുഎസ് സുപ്രീം കോടതി അനുമതി നൽകിയതിനു പിന്നാലെ ദാവൂദ് ഇബ്രാഹിമിനെയും നീരവ് മോദിയെയും രാജ്യത്തിനു കൈമാറണമെന്ന ആവശ്യവുമായി ശിവസേനാ നേതാവ്. ശിവസേനാ (യുബിടി) നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്താണ് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഉടൻ തന്നെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യം ഉയർത്തിയത്. ഇവർക്കു പുറമെ രാജ്യം തേടുന്ന കൊടും കുറ്റവാളികളെ ഉടൻ ഇന്ത്യയിലെത്തിക്കണമെന്നും സഞ്ജയ് റാവുത്ത് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
‘‘ഇതൊരു കോടതി പ്രക്രിയയാണ്. ഇത്തരം കോടതി നടപടികൾ ഇനിയും തുടരണം. വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ നേരിടുന്ന നീരവ് മോദിയെ കൊണ്ടുവരണം, അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെയും തിരികെ എത്തിക്കണം. ടൈഗർ മേമനെയും കൊണ്ടുവരണം. തിരികെ എത്തിക്കാനുള്ളവരുടെ പട്ടിക നീളുകയാണ്.’’ – സഞ്ജയ് റാവുത്ത് പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ ദാവൂദ്, പാക്കിസ്ഥാനില്‍ ഒളിവിൽ കഴിയുകയാണെന്നാണ് അന്വേഷണ ഏജൻസികള്‍ക്ക് ലഭിക്കുന്ന വിവരം. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതനായ നീരവ് മോദി ലണ്ടനിലുണ്ടെന്ന തരത്തിൽ മുൻപ് വാർത്തകൾ വന്നിരുന്നു.
രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനാണ് യുഎസ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്. കീഴ്‌ക്കോടതി ഉത്തരവിനെതിരെ തഹാവൂർ റാണ നൽകിയ അപ്പീൽ ഹർജി തള്ളിയാണ് നിർണായക ഉത്തരവ്. കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരായി തഹാവൂർ റാണ നൽകിയ ഹർജി കോടതി തള്ളുകയായിരുന്നു.