‘എന്നെ ഇരുട്ടിൽ നിർത്തി ചർച്ച’; അമർഷം നേരിട്ടറിയിക്കാൻ സുധാകരൻ, നേതൃമാറ്റം ഉടനില്ലെന്ന് ഹൈക്കമാൻഡിന്റെ ഉറപ്പ്

Mail This Article
തിരുവനന്തപുരം∙ നേതൃമാറ്റ ചർച്ചകളിൽ അമർഷം നേരിട്ടറിയിക്കാൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കെ.സി. വേണുഗോപാൽ ഇന്നു കൂടിക്കാഴ്ച നടത്തും. തന്നെ ഇരുട്ടിൽ നിർത്തി നേതൃമാറ്റ ചർച്ച നടത്തുന്നുവെന്നു സുധാകരൻ വേണുഗോപാലിനെ അറിയിക്കും. അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് സുധാകരനെ ഉടൻ മാറ്റില്ലെന്നാണ് വിവരം. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരനു ഹൈക്കമാൻഡ് ഉറപ്പു നൽകിയതായി അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു.
സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. ദീപാ ദാസ് മുൻഷി നടത്തുന്നത് പുനഃസംഘടനാ ചർച്ചകൾ മാത്രമാണെന്നും എഐസിസിസി അദ്ദേഹത്തെ അറിയിച്ചു. സുധാകരൻ കടുത്ത അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് എഐസിസിയുടെ മറുപടി.
അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആൻറണി, സണ്ണി ജോസഫ്, ബെന്നി ബെഹനാൻ, റോജി എം.ജോൺ തുടങ്ങിയ പേരുകൾ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നായിരുന്നു വിവരം. മാറ്റത്തിനുള്ള നീക്കം തുടങ്ങിയെന്ന സൂചനകൾ സുധാകരനും നൽകിയിരുന്നു. പദവികൾ പ്രശ്നമല്ലെന്നു കഴിഞ്ഞ ദിവസം സുധാകരനും പറഞ്ഞിരുന്നു. പുതിയ പ്രസിഡന്‍റിനു കീഴിൽ തിരഞ്ഞെടുപ്പുകളിലേക്ക് കടക്കാമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ തൽക്കാലം മാറ്റമില്ലെന്നാണ് ഹൈക്കമാൻഡ് സുധാകരനെ അറിയിച്ചത്.