തട്ടിക്കൊണ്ടുപോയി 15 മാസത്തിന് ശേഷം മോചനം; 4 യുവ വനിതാ സൈനികരെ ഹമാസ് ഇന്ന് വിട്ടയയ്ക്കും

Mail This Article
ജറുസലം∙ ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി 4 യുവ വനിതാ സൈനികരെ ഹമാസ് ഇന്ന് മോചിപ്പിക്കും. 2023 ഒക്ടോബർ 7 ന് ഗാസ അതിർത്തിക്ക് സമീപം സേവനമനുഷ്ഠിക്കുന്നതിനിടെ പലസ്തീൻ ഓപ്പറേറ്റർമാർ തട്ടിക്കൊണ്ടുപോയവരാണ് ഇവർ. ലിറി അൽബാഗ്, കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി എന്നിവരെ ഗാസ അതിർത്തിയോട് ചേർന്നുള്ള നഹൽ ഓസ് സൈനിക താവളത്തിൽ ഒരു നിരീക്ഷണ യൂണിറ്റിൽ നിന്നാണ് പിടികൂടിയത്. 15 മാസത്തിന് ശേഷമാണ് ഇവരെ മോചിപ്പിക്കുന്നത്.
ഇവരോടൊപ്പം മറ്റ് മൂന്ന് വനിതാ സൈനികരായ അഗം ബെർഗർ, നോവ മാർസി, ഒറി മെഗിദിഷ് എന്നിവരെയും ബന്ദികളാക്കിയിരുന്നു. ഇതിൽ അഗം ബെർഗർ, ഇപ്പോഴും ഗാസയിൽ തടവിലാക്കപ്പെട്ട് ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു. നോവ മാർസിയാനോയുടെ മൃതദേഹം ഇസ്രയേലിലേക്ക് തിരിച്ചയച്ചിരുന്നു. 2023 ഒക്‌ടോബർ അവസാനത്തിൽ ഇസ്രയേൽ സൈന്യം ഒറി മെഗിദിഷിനെ ജീവനോടെ മോചിപ്പിച്ചു.
ലിറി അൽബാഗ് (19)
നഹൽ ഓസ് താവളത്തിൽനിന്ന് തട്ടിക്കൊണ്ടു പോകുമ്പോൾ ലിറി അൽബാഗ് ഗാസ മുനമ്പിന്റെ അതിർത്തിയിൽ സൈനിക സേവനം ചെയ്യുകയായിരുന്നു. നേരത്തേ മോചിപ്പിക്കപ്പെട്ട ബന്ദികൾ മാതാപിതാക്കളോട് പറഞ്ഞത് അനുസരിച്ച് ബന്ദികൾക്കു വേണ്ടി ആഹാരം പാചകം ചെയ്യുക, തടവറകൾ വൃത്തിയാക്കുക, കുഞ്ഞുങ്ങളെ പരിപാലിക്കുക എന്നിവയാണ് ലിറിയുടെ ജോലികൾ. മാതാപിതാക്കളായ ഷിറയും എലി അൽബാഗും ബന്ദികളുടെ മോചനത്തിനായി പ്രചാരണം നടത്തിയിരുന്നു.
കരീന അരിയേവ് (20)
ഗാസ അതിർത്തിയിൽ സൈനിക സേവനം ചെയ്യുന്നതിനിടെയാണ് കരീന അരീവിനെ തട്ടിക്കൊണ്ടുപോയത്. പിടികൂടിയ ദൃശ്യങ്ങളിൽ കരീനക്ക് മുറിവേറ്റതായി കാണപ്പെട്ടിരുന്നു. സൈക്കോളജിസ്റ്റ് ആകാനാണ് ആഗ്രഹം.
ഡാനിയേല ഗിൽബോവ (20)
ആക്രമണം നടന്ന ദിവസം രാവിലെ കാമുകന് അയച്ച വിഡിയോയിൽ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നിന്നാണ് ഡാനിയേലയെ തട്ടിക്കൊണ്ടു പോയതായി തിരിച്ചറിഞ്ഞത്. പാട്ടുകാരിയാകാനാണ് ഡാനിയേലയുടെ ആഗ്രഹം.
നാമ ലെവി (20)
ഹമാസ് പിടികൂടിയ വിഡിയോയിൽ രക്തം പുരണ്ടതായി തോന്നിക്കുന്ന ട്രൗസർ ധരിച്ചാണ് കാണപ്പെട്ടത്. ഇന്ത്യയിലാണ് വളർന്നത്. ഇന്ത്യയിലെ യുഎസ് ഇന്റർനാഷണൽ സ്കൂളിലായിരുന്നു പഠനം. കുട്ടിക്കാലത്ത്, ഇസ്രയേലികൾക്കും പലസ്തീനികൾക്കുമിടയിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്ന ഹാൻഡ്‌സ് ഓഫ് പീസ് പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു.