കൺമുന്നിൽ നെഹ്റുവും രാജേന്ദ്ര പ്രസാദും, രാഷ്ട്രപതിയുടെ ചായസൽക്കാരം: ‘പരേഡ്’ ഓർമകളിൽ മറിയാമ്മ ജോർജ്

Mail This Article
ഏക് ദോ ഏക്... ഏക് ദോ ഏക്...’ ഒരേ ചുവട്, ഒരേ താളം... രാജ്പഥിന്റെ രാജകീയ വീഥിയിലൂടെ ആ പ്ലറ്റൂൺ മാർച്ച് ചെയ്ത് മുന്നോട്ട്. രാഷ്ട്രപതി ഭവനു മുന്നിൽനിന്നു തുടങ്ങിയ മാർച്ച് പാസ്റ്റ് ഇന്ത്യാ ഗേറ്റും കടന്ന് മുന്നോട്ട്. ആറരപ്പതിറ്റാണ്ടിനിപ്പുറവും, കോട്ടയം കളത്തിപ്പടിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന മറിയാമ്മ ജോർജിന് ഒന്നു കണ്ണടച്ചാൽ കേൾക്കാം ഒരേ താളത്തിൽ നിലത്തു പതിക്കുന്ന ബൂട്ടുകളുടെ ശബ്ദം. അപ്പോൾ ഉള്ളിൽ തെളിയും കുറച്ചകലെ വേദിയിൽ സല്യൂട്ട് സ്വീകരിക്കാൻ നിൽക്കുന്ന രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെയും ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെയും മുഖങ്ങൾ. രാജ്പഥിന്റെ വീഥിയിലൂടെ മാർച്ച് നയിച്ചു വന്ന മറിയാമ്മ ജോർജ് എന്ന, നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയപ്പെട്ട അമ്മാൾ ആന്റിയുടെ ആ ഓർമകൾക്ക് ഇപ്പോഴും തിളക്കമുണ്ട്, അതേക്കുറിച്ചു പറയുമ്പോൾ പ്രായം തളർത്താത്ത ആവേശവുമുണ്ട്.
ഇതു കളത്തിപ്പടി ചിറയിൽ വീട്ടിൽ ജെ.എം. മാത്യുവിന്റെ പത്നി മറിയാമ്മ ജോർജ്. 1960 ജനുവരി 26ന് എൻസിസി കെഡറ്റായി ജൂനിയർ വിഭാഗത്തിൽ ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ എൻസിസി പ്ലറ്റൂണിനെ നയിച്ചു. ജൂനിയർ വിഭാഗത്തിൽ അന്ന് വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആകെ മൂന്നു പെൺകുട്ടികളേ ഉണ്ടായിരുന്നുള്ളുവെന്ന് മറിയാമ്മ ഓർക്കുന്നു. സീനിയർ വിഭാഗത്തിലും ആകെ മൂന്നു പെൺകുട്ടികൾ. കേരളത്തിൽനിന്ന് ഏക പെൺകുട്ടിയായി മറിയാമ്മയും.
തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ എംസി റോഡിൽ തിരുമൂലപുരത്തെ ബാലികാമഠം ഗേൾസ് സ്കൂളിലാണ് (ഇന്നത്തെ ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ) ആറാം ക്ലാസ് മുതൽ (അന്നത്തെ സിക്സ്ത് ഫോം) മറിയാമ്മ പഠിച്ചത്. കോട്ടയം പുതുപ്പള്ളി വലിയപറമ്പിൽ ഇ.വി. ജോർജിന്റെയും ആച്ചിയമ്മ ജോർജിന്റെയും മകളായ മറിയാമ്മയുടെ പ്രാഥമിക വിദ്യാഭ്യാസം പിതാവിന്റെ മാതാപിതാക്കൾക്കൊപ്പം പുതുപ്പള്ളിയിൽത്തന്നെയായിരുന്നു. ഊട്ടിയിലെ അന്നത്തെ ഗ്ലെൻമോർഗൻ എസ്റ്റേറ്റിലെ ഫീൽഡ് സൂപ്രണ്ട് ആയിരുന്നു പിതാവ്. മാതാപിതാക്കൾ ഊട്ടിയിൽ ആയിരുന്നതിനാൽ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി ചെറുപ്പത്തിലേ പുതുപ്പള്ളിയിൽ നിർത്തിയാണു പഠിപ്പിച്ചിരുന്നത്. സിക്സ്ത് ഫോം ആയപ്പോൾ പെൺകുട്ടികൾക്ക് അന്നത്തെക്കാലത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്ന സ്കൂളുകളിലൊന്നായ ബാലികാമഠത്തിലേക്കു മകളെ പിതാവ് മാറ്റി.

വീണവായനയോടു താൽപര്യം കാണിച്ച് അതു പഠിച്ചുകൊണ്ടിരുന്ന ആ പെൺകുട്ടിക്ക് പൊടുന്നനെയാണ് എൻസിസിയിലേക്കു താൽപര്യം വന്നത്. വീണപഠനം അവിടെ ഉപേക്ഷിച്ച് ബൂട്ടും ധരിച്ച് ഏക് ദോ ഏക്... ഏക് ദോ ഏക്... എന്ന താളത്തിൽ ആ പതിനഞ്ചുകാരിയെത്തി. എൻസിസി ക്യാംപുകളിൽ പങ്കെടുത്തതാണു വഴിത്തിരിവായത്. ഇന്ന് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കണമെങ്കിൽ ഗ്രൂപ്പ് തലത്തിൽ സെലക്‌ഷൻ കിട്ടണം. എന്നാൽ അന്ന് ക്യാംപിൽനിന്നു നേരെ തിരഞ്ഞെടുക്കുകയായിരുന്നു.
‘‘ഒരു മാസം മുൻപു തന്നെ ഡൽഹിയിലേക്കു യാത്ര തിരിച്ചു. ഇന്നത്തെപ്പോലെ റെയിൽ കണക്ടിവിറ്റിയൊന്നുമില്ലല്ലോ. പല ട്രെയിനുകൾ മാറിക്കയറിയാണു മൂന്നുദിവസം കൊണ്ട് ഡൽഹിയിലെത്തിയത്. താമസിച്ചത് എവിടെയാണെന്ന് ഓർക്കുന്നില്ല. രാഷ്ട്രപതി ഭവനിൽനിന്ന് ഇന്ത്യാ ഗേറ്റ് വരെയാണ് മാർച്ച് ചെയ്യേണ്ടത്. ആദ്യ ദിവസങ്ങളിൽ കുറച്ചുദൂരം മാത്രം മാർച്ച് ചെയ്തു പരിശീലനം നടത്തിയാൽ മതിയായിരുന്നു. പിന്നീട് മാർച്ച് ചെയ്യേണ്ട ദൂരം വർധിപ്പിച്ചു. മുഴുവൻ ദൂരവും മാർച്ച് ചെയ്തു പരിശീലിക്കാൻ തുടങ്ങി. ദിവസവും പരേഡ് പരിശീലനം ഉണ്ടായിരുന്നു. റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി ഫുൾ ഡ്രസ് റിഹേഴ്സലും നടത്തി.

റിപ്പബ്ലിക് ദിനത്തിന്റെ അന്നു രാവിലെ ആറരയോടെ എല്ലാവരും സ്ഥലത്തെത്തി. രാഷ്ട്രപതി ഭവനു സമീപം പ്ലറ്റൂണായി അച്ചടക്കത്തോടെ നിന്നു. സമയമായപ്പോൾ മാർച്ച് ചെയ്തു മുന്നോട്ട്. ഓരോ ചുവടുവയ്ക്കുമ്പോഴും വല്ലാത്തൊരു ആവേശമായിരുന്നു. രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ കിട്ടുന്ന ഒരു പരിപാടിയിൽ തെറ്റു വരരുതെന്ന് പ്രാർഥിച്ചിരുന്നു. മാർച്ച് നിശ്ചിത സ്ഥലത്തെത്തിയപ്പോൾ വലത്തേക്കു തിരഞ്ഞ് രാഷ്ട്രപതിക്ക് സല്യൂട്ട് നൽകി. അദ്ദേഹം തിരിച്ചും!. വല്ലാത്തൊരു സന്തോഷമായിരുന്നു അത്. ഇന്ത്യാ ഗേറ്റും കഴിഞ്ഞൊരു ഭാഗത്താണ് മാർച്ച് അവസാനിച്ചത്.
പിറ്റേന്ന് രാഷ്ട്രപതി ഭവൻ സന്ദർശിക്കാൻ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെ ക്ഷണം കിട്ടി. അദ്ദേഹം ഞങ്ങൾക്ക് ചായസൽക്കാരം ഒരുക്കിയിരുന്നു. പ്രശസ്തമായ മുഗൾ ഗാർഡൻ ഞങ്ങളെ കാണിച്ചു. ഞങ്ങളോട് ഓരോന്നും വിശദമായി സംസാരിക്കാനും മറ്റും അദ്ദേഹത്തിനും ആവേശമായിരുന്നു. പരേഡിന്റെ ദിവസവും ഇടയ്ക്ക് ഒരു ദിവസവും മാത്രമാണ് പ്രധാനമന്ത്രി നെഹ്റുവിനെ കണ്ടത്. രാഷ്ട്രപതിക്ക് സല്യൂട്ട് നൽകുന്നതിന്റെയും മറ്റും ചിത്രങ്ങളുണ്ടായിരുന്നു. ഇപ്പോൾ 65 വർഷമായില്ലേ. എല്ലാം നഷ്ടപ്പെട്ടു. റിപ്പബ്ലിക് ദിന പരേഡ് കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം തിരിച്ചു നാട്ടിലെത്തി.
സ്കൂളിൽ വലിയ സ്വീകരണമായിരുന്നു വാർഷിക പരീക്ഷ അടുത്തുവന്ന സാഹചര്യത്തിലാണ് തിരിച്ചെത്തുന്നത്. തോറ്റുപോകുമെന്നു പോലും ഭയപ്പെട്ടു. പഠിക്കാൻപോലും സമയംകിട്ടിയില്ല. പക്ഷേ, ജയിച്ചു. ബാലികാമഠത്തിന്റെ സ്ഥാപക അധ്യാപകരിൽ ഒരാളായ, ഇംഗ്ലണ്ടിൽനിന്നെത്തിയ മിസ് ബ്രൂക്സ് സ്മിത്തിന്റെ പ്രോത്സാഹനം ആവോളം കിട്ടി. സ്ത്രീകൾ തനിയെ കാര്യങ്ങൾ ചെയ്യണമെന്ന പക്ഷക്കാരിയായിരുന്നു അവർ. ഇത്രയും കാലത്തിനുശേഷം കഴിഞ്ഞ വർഷം മകനൊപ്പം ആ സ്കൂളിൽ ചെന്ന് എല്ലാം നടന്നുകണ്ടു’’ – അവർ ഓർമകളിൽനിന്നു പറഞ്ഞു.
പ്രീ ഡിഗ്രിക്കു ശേഷം ബിഎസ്‌സി പാസായി, പിന്നീട് ലൈബ്രറി സയൻസ് പഠിച്ച് തമിഴ്നാട്ടിലെ ഉദുമൽപേട്ടിലെ ഒരു കോളജിൽ ലൈബ്രേറിയനായി. വിവാഹത്തോടെ ജോലി വിട്ടു. രണ്ടു മക്കളുടെ അമ്മയായി. മികച്ച പാചകവിദഗ്ധയും ക്രോഷെ തയ്യൽ വിദഗ്ധയും കൂടിയാണ് മറിയാമ്മ. നബാർഡ് റിട്ടയേർഡ് എക്സിക്യൂട്ടീവ് ഡയറക്ടറും ബാങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് ഡയറക്ടറുമായിരുന്നു ഭർത്താവ് ജെ.എം. മാത്യു. മക്കൾ മധു മാത്യുവും നിഷ മാത്യുവും കുടുംബസമേതം വിദേശത്താണ്.