ഡി.കെ.ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്; സിദ്ധരാമയ്യ പദവി ഒഴിയുമെന്ന് സൂചന

Mail This Article
ബെംഗളൂരു∙ ഈ വർഷം അവസാനത്തോടെ മുഖ്യമന്ത്രിപദം ഡി.കെ. ശിവകുമാറിനു കൈമാറുമെന്നു സിദ്ധരാമയ്യ സൂചന നൽകി. കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2023 മേയിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദത്തിനായി ഇരുനേതാക്കളും അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് രണ്ടരവർഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രി പദം പങ്കുവയ്ക്കാൻ ധാരണ ഇല്ലെന്നാണ് അടുത്തകാലം വരെ സിദ്ധരാമയ്യ പറഞ്ഞിരുന്നത്.
നേരത്തേ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അധികാരക്കൈമാറ്റം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ശിവകുമാർ വ്യക്തമാക്കിയിരുന്നു. അതു വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് അറിയിച്ച് ശിവകുമാർ തന്നെ രംഗം ശാന്തമാക്കുകയായിരുന്നു. അതിനിടെ, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും മുഖ്യമന്ത്രിപദത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. ശിവകുമാറിന്റെയും സതീഷിന്റെയും അനുകൂലികൾ അതുമായി ബന്ധപ്പെട്ട് വിവിധ ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും നടത്തുന്നുമുണ്ട്.