ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.കെ.എം.ചെറിയാൻ അന്തരിച്ചു; അന്ത്യം ബെംഗളൂരുവിൽ

Mail This Article
ബെംഗളൂരു ∙ പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.കെ.എം.ചെറിയാൻ (82) അന്തരിച്ചു. ഇന്നലെ രാത്രി 11.50ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ബെംഗളൂരുവിൽ സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്കാണ് സംസ്കാരം.
രാജ്യത്തെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. ആദ്യത്തെ പീഡിയാട്രിക് ഹാർട്ട് ട്രാൻസ്പ്ലാന്റ്, ആദ്യത്തെ ടിഎംആർ (ലേസർ ഹാർട്ട് സർജറി) എന്നിവ നടത്തിയതും അദ്ദേഹമാണ്. 1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്ന അദ്ദേഹത്തെ രാജ്യം 1991ൽ പത്മശ്രീ നൽകി ആദരിച്ചു. ഭാര്യ: സെലിൻ ചെറിയാൻ. മക്കൾ: സന്ധ്യ ചെറിയാൻ, ഡോ. സഞ്ജയ് ചെറിയാൻ.
1942ൽ കായംകുളത്ത് ജനിച്ച കെ.എം. ചെറിയാൻ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ലക്ചററായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ, ഇന്ത്യയിൽ നിന്നുള്ള ആദ്യ അംഗവുമായിരുന്നു. ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷന്റെ (എംഎംഎം) സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറുമായിരുന്നു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് കാർഡിയാക് തൊറാസിക് സർജന്റെ സെക്രട്ടറിയും പ്രസിഡൻ്റും, പീഡിയാട്രിക് കാർഡിയാക് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ്, ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ഫെലോ, മലേഷ്യൻ അസോസിയേഷൻ ഫോർ തൊറാസിക് ആൻഡ് കാർഡിയോവാസ്കുലർ സർജറിയുടെ ഓണററി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജസ്റ്റ് ആൻ ഇൻസ്ട്രുമെന്റ് എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. ചെന്നൈയിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ച സംസ്കരിക്കുമെന്നാണ് വിവരം.