സുഡാനിൽ ആശുപത്രിക്കു നേരെ ഡ്രോൺ ആക്രമണം; 70 മരണം, ഒട്ടേറെ പേർക്ക് പരുക്ക്

Mail This Article
ഖാർത്തും∙ സുഡാനിൽ ആശുപത്രിക്കു നേരെ ഡ്രോൺ ആക്രമണം. ദാർഫർ മേഖലയിലെ എൽ ഫാഷറിൽ പ്രവർത്തിക്കുന്ന ആശുപത്രിക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. വെള്ളിയാഴ്ച സൗദി ആശുപത്രിക്കു നേരെയും ബോംബാക്രമണം നടന്നിരുന്നു.
രാജ്യത്തുടനീളമുള്ള 80 ശതമാനത്തോളം ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇരുസേനകളുടെയും യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഖാർത്തൂമിലെ സൈനിക തലസ്ഥാനത്ത് അർധസൈനിക സേന ഏർപ്പെടുത്തിയ ഉപരോധം സൈന്യം തകർത്തതോടെയാണ് എൽ ഫാഷർ മേഖലയിലെ ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്.
2023 ഏപ്രിൽ മുതലാണ് സുഡാനീസ് സൈനിക - അർധസൈനിക വിഭാഗങ്ങൾ തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ദാർഫർ പ്രദേശത്തിന്റെ പടിഞ്ഞാറൻ മേഖലയിലധികവും ആർഎസ്എഫ് പിടിച്ചെടുത്തിരുന്നു. വടക്കൻ ദാർഫറിന്റെ തലസ്ഥാനമായ എൽ ഫാഷർ മേഖലയിൽ ആർഎസ്എഫ് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.