മുന്നണി മാറാൻ ബിഡിജെഎസ് ?; അടിയന്തര യോഗം ചേർത്തലയിൽ ചേരും

Mail This Article
കോട്ടയം ∙ മുന്നണിമാറ്റം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് ബിഡിജെഎസ്. ഫെബ്രുവരി ഒന്ന് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചേർന്ന് മുന്നണി മാറ്റം ചർച്ച ചെയ്യുന്നത്. സംസ്ഥാന ഭാരവാഹികളോടും 14 ജില്ലകളിലെയും പ്രസിഡന്റുമാരോടും യോഗത്തിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഇന്നലെ കോട്ടയം ജില്ലാ ക്യാംപിൽ മുന്നണിമാറ്റ പ്രമേയം വന്നതിനു പിന്നാലെയാണ് അടിയന്തര യോഗം. മുന്നണി വിടണം എന്ന ആവശ്യം പാർട്ടിയിൽ ശക്തമായി ഉയരുന്നുണ്ട്. 9 വര്‍ഷമായി ബിജെപിയിലും എന്‍ഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ് നേതാക്കള്‍ ഉയര്‍ത്തുന്ന പരാതി. എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നുമാണ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്.
അതേസമയം, മുന്നണി മാറ്റ ചർച്ചകളൊന്നും നടക്കുന്നില്ലെന്നും പാർട്ടി അവഗണന നേരിടുന്നില്ലെന്നും തുഷാർ വെള്ളാപ്പള്ളി ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു. കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയിട്ടില്ലെന്നാണ് തുഷാർ പറയുന്നത്. ബിഡിജെഎസ് എൻഡിഎയിൽ ഉറച്ചുനിൽക്കുമെന്ന് കെ. സുരേന്ദ്രനും പറഞ്ഞു.