റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു; ചൊവ്വാഴ്ച മുതൽ കടകൾ തുറക്കും

Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ ആരംഭിച്ച അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. ഭക്ഷ്യമന്ത്രി ജി.ആര്.അനിലുമായി സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. നാളെ രാവിലെ മുതല്‍ എല്ലാ കടകളും തുറക്കും. എല്ലാ മാസവും 10നും 15നും ഇടയില്‍ കമ്മിഷന് നല്‍കാമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി. സംഘടനകളുടെ പ്രധാന ആവശ്യമായ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ ചര്‍ച്ചകള്‍ ആരംഭിക്കാനും ധാരണയായി.
ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാലു സംഘടനകള്‍ ഉള്‍പ്പെട്ട റേഷന്‍ ഡീലേഴ്സ് കോഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയും കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷനും (എഐടിയുസി) പണിമുടക്കിന് ആഹ്വാനം ചെയ്തത്. 14,000ത്തോളം റേഷന്‍ കടകളാണ് സംസ്ഥാനത്തുള്ളത്. ബഹുഭൂരിപക്ഷം റേഷന്‍ കടകളും അടഞ്ഞുകിടന്നതിനാല്‍ റേഷന്‍ വിതരണം പൂര്‍ണമായി സ്തംഭിച്ച നിലയിലായിരുന്നു. ഈ മാസത്തെ റേഷന്‍ വിതരണവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മുന്‍പ് ഭക്ഷ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും ധാരണയാകാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് വീണ്ടും ചര്‍ച്ച നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു.