ADVERTISEMENT

റിയോ ഡി ജെനീറോ∙ യുഎസിൽനിന്നു നാടുകടത്തപ്പെട്ട് ബ്രസീലിലേക്കു തിരിച്ചയച്ച യാത്രക്കാരെത്തിയതു കൈവിലങ്ങുകൾ ധരിച്ച്, മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ട നിലയിലെന്ന് റിപ്പോർട്ട്. പ്രതീക്ഷയോടെ കുടിയേറാനെത്തിയ രാജ്യത്തുനിന്നു തിരിച്ചയയ്ക്കുമ്പോൾ മനുഷ്യാവകാശങ്ങൾ എന്നത് യുഎസ് ‘പ്രത്യക്ഷമായി അവഗണിച്ചു’വെന്നാണ് ബ്രസീൽ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ജനുവരി 20ന് അധികാരത്തിലെത്തിയതിനു പിന്നാലെ അനധികൃതമായി യുഎസിൽ പ്രവേശിച്ചവരെ നാടുകടുത്തമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിമാനത്തിൽ തിരിച്ചയച്ചത്.

ഇങ്ങനെ നാടുകടത്തപ്പെട്ടവരുമായി ബ്രസീലിന്റെ വടക്കൻ നഗരമായ മനൗസിലെത്തിയ വിമാനത്തിലുണ്ടായിരുന്ന 88 പേരും കൈവിലങ്ങ് ധരിച്ചിരുന്നു. ഉടൻതന്നെ ഇവരുടെ കൈവിലങ്ങ് അഴിക്കാൻ യുഎസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും ബ്രസീൽ ജസ്റ്റിസ് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ബ്രസീൽ പൗരന്മാരുടെ അടിസ്ഥാനപരമായ അവകാശങ്ങളുടെ ലംഘനമാണിതെന്ന് ജസ്റ്റിസ് മന്ത്രി റിക്കാർ‍ഡോ ലെവാൻഡോവ്‌സ്കി പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡ സിൽവയെ അറിയിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു. തെക്കുകിഴക്കൻ നഗരമായ ബെലോ ഹൊറിസോന്റെയിലേക്കു പറന്ന വിമാനം സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നു മനൗസിലിറക്കുകയായിരുന്നു.

നാടുകടത്തുന്നതിനു മുൻപ് ഏഴു മാസത്തോളം യുഎസിൽ തടവിലായിരുന്നുവെന്ന് വിമാനത്തിലുണ്ടായിരുന്ന എഡ്ഗാർ ഡ സിൽവ മൗറ (31) പറഞ്ഞു. ‘‘വിമാനത്തിൽവച്ച് അവർ ഞങ്ങൾക്ക് വെള്ളംപോലും തന്നില്ല. കൈകളും കാലുകളും വിലങ്ങുകൊണ്ട് ബന്ധിച്ചിരിക്കുകയായിരുന്നു. ശുചിമുറി ഉപയോഗിക്കാൻപോലും അനുവദിച്ചില്ല. ഭയങ്കര ചൂടായിരുന്നു. ചിലർ ബോധംകെട്ടു വീഴുകപോലും ചെയ്തു’’ – മൗറ പറഞ്ഞു.

വിമാനത്തിന്റെ സാങ്കേതിക പ്രശ്നം മൂലം നാലു മണിക്കൂർ നേരം എസി പോലുമില്ലാതെയാണ് യാത്ര ചെയ്യേണ്ടിവന്നതെന്ന് നരകയാതനയെക്കുറിച്ച് ഇരുപത്തിയൊന്നുകാരനായ ലൂയി അന്റോണിയോ റോഡ്രിഗസ് സാന്റോസ് വെളിപ്പെടുത്തി. ‘‘ട്രംപ് വന്നപ്പോൾ കാര്യങ്ങൾ ഒത്തിരി മാറി. കുടിയേറ്റക്കാരെ ക്രിമിനലുകൾ ആയാണ് പരിഗണിക്കുന്നത്’’ – അദ്ദേഹം പറഞ്ഞു. 

അതേസമയം, ട്രംപിന്റെ ‘നാടുകടത്തൽ വിമാന’മല്ല ഇതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. 2017ലുണ്ടാക്കിയ ഉഭയകക്ഷി ധാരണ പ്രകാരമാണ് ഈ നാടുകടത്തലെന്നാണു വിവരം. ഓട്ടിസം ഉള്ള കുട്ടികൾ ഈ വിമാനത്തിലുണ്ടായിരുന്നുവെന്നും ഇവരൊക്കെ അനുഭവിക്കേണ്ടിവന്നത് ഗുരുതരമായ പ്രശ്നങ്ങളാണെന്നും ബ്രസീൽ മനുഷ്യാവകാശ മന്ത്രി മകൗ എവാറിസ്റ്റോ മാധ്യമങ്ങളോടു പറഞ്ഞു. സിവിലിയൻ വിമാനത്തിൽനിന്ന് ഇറങ്ങിവന്ന ചില യാത്രക്കാരുടെ വിഡിയോ ബ്രസീലിയൻ ടിവി പുറത്തുവിട്ടു. ഇവരുടെ കൈകാലുകൾ ബന്ധിപ്പിച്ചിരിക്കുന്നത് വിഡിയോയിൽ കാണാം.

English Summary:

No Water Or AC On Flight, Handcuffed: How Brazilians Deported From US Reached Home

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com