നയൻതാര ഡോക്യുമെന്ററി: നെറ്റ്ഫ്ലിക്സിന് തിരിച്ചടി, ധനുഷിന്റെ കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി

Mail This Article
ചെന്നൈ∙ ധനുഷ്– നയൻതാര ഡോക്യുമെന്ററി വിവാദത്തിൽ നെറ്റ്‌ഫ്ലിക്സ് ഇന്ത്യയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. നയൻതാരയ്‌ക്കെതിരെ ധനുഷ് നൽകിയ പകർപ്പവകാശ കേസ് റദ്ദാക്കണമെന്ന നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ തടസ്സഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനും ഇവരുടെ നിർമാണ കമ്പനിയായ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ കഴിഞ്ഞ വർഷം നവംബറിലാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ കേസ് തള്ളണമെന്നാവശ്യപ്പെട്ടായിരുന്നു നെറ്റ്ഫ്ലിക്സ് തടസ്സഹർജി ഫയൽ ചെയ്തത്. ഹർജി തള്ളിയതോടെ പകർപ്പവകാശ കേസിൽ ധനുഷിന് മേൽക്കൈ ലഭിച്ചു.
നയൻതാരയുടെ വിവാഹ വിശേഷങ്ങൾ വിവരിക്കുന്ന ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിലിൽ’, ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് വിഡിയോ ക്ലിപ്പ് അനുമതിയില്ലാതെ ഉപയോഗിച്ചതാണ് കേസിന് കാരണമായത്. നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കുമെതിരെ 10 കോടി രൂപയുടെ പകർപ്പവകാശ കേസാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും അവർ ധരിച്ച വസ്ത്രങ്ങളുടെയും വരെ പകർപ്പവകാശം തങ്ങൾക്കാണെന്നു നടൻ ധനുഷിന്റെ നിർമാണ സ്ഥാപനമായ വണ്ടർബാർ ഫിലിംസ് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.