പീഡനക്കേസിൽ പ്രതിയായ ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ; ജയിലിൽ നിന്ന് പുറത്തിറങ്ങിയത് അതീവരഹസ്യമായി

Mail This Article
ന്യൂഡൽഹി∙ ബലാത്സംഗക്കേസിലെ പ്രതി ഗുർമീത് റാം റഹീമിന് 20 ദിവസത്തെ പരോൾ അനുവദിച്ചു. സ്വയം പ്രഖ്യാപിത ആൾദൈവമെന്ന നിലയിൽ കുപ്രസിദ്ധിയാർജിച്ച ഗുർമീതിനെ കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് അതീവ രഹസ്യമായി ജയിലിൽ നിന്നും പുറത്തെത്തിച്ചത്. ജയിലിൽ നിന്നും പുറത്തെത്തിയ ഗുർമീത്, ഹരിയാനയിലെ സിർസയിലുള്ള ദേരാ ആശ്രമത്തിലേക്ക് മാറിയെന്നാണ് റിപ്പോർട്ട്. ബലാത്സംഗ കേസിൽ 2017ൽ ജയിലിലടക്കപ്പെട്ട ഗുർമീത്, ഇതു 12-ാം തവണയാണ് പരോൾ ലഭിച്ച് ജയിലിന് പുറത്തെത്തുന്നത്.
ദേരാ സച്ചാ സൗദ തലവനായിരുന്ന ആൾ ദൈവം ഗുർമീത് റാം റഹീം, അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് 2017ൽ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്. ഹരിയാനയിലെ റോഹ്തക് ജില്ലയിലെ സുനാരിയ ജയിലിലാണ് ഗുർമീത് കഴിയുന്നത്. 2024 ഒക്ടോബർ 2 നാണ് റാം റഹീമിന് അവസാനമായി 20 ദിവസത്തെ പരോൾ അനുവദിച്ചത്. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനും പ്രസംഗങ്ങൾ നടത്തുന്നതിനും ഹരിയാനയിൽ തങ്ങുന്നതിനും പരോൾ കാലയളവിൽ ഗുർമീതിന് വിലക്കേർപ്പെടുത്തിയിരുന്നു.