‘മകളുടെ താമസം ഒറ്റയ്ക്ക്, ആൺസുഹൃത്ത് മർദിക്കും’; ഉറുമ്പരിക്കുന്ന നിലയിൽ അർധനഗ്നയായി പെൺകുട്ടി

Mail This Article
കൊച്ചി ∙ ചോറ്റാനിക്കരയിലെ വീട്ടിൽ ഗുരുതര നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. താൻ മർദിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നു ആൺസുഹൃത്ത് മൊഴി നൽകിയതായാണു സൂചന. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, വധശ്രമം എന്നിവയ്ക്കാണു കേസ് എടുത്തതെന്നു പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി.ഷാജൻ പറഞ്ഞു. പെൺകുട്ടിയുടെ കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിലായിരുന്നു. ദേഹത്ത് പരുക്കുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാവും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. പെൺകുട്ടി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കസ്റ്റഡിയിലുള്ള ആൺസുഹൃത്ത് ലഹരിക്കേസിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പീരുമേട് സ്റ്റേഷനിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസ് ഉണ്ടെന്നാണ് വിവരം. തലയോലപ്പറമ്പ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത രണ്ട് ആക്രമണ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇൻസ്റ്റഗ്രാം വഴി ഒരുവർഷം മുൻപാണ് ഇയാൾ പെൺകുട്ടിയുമായി പരിചയപ്പെട്ടത്.
കസ്റ്റഡിയിലുള്ള ആൺസുഹൃത്ത് പെൺകുട്ടിയെ മർദിച്ചിരുന്നതായി അമ്മ മൊഴി നൽകി. പലപ്പോഴും പെൺകുട്ടിയുടെ മുഖത്തും മറ്റും പരുക്കുകൾ കണ്ട് ചോദിച്ചിരുന്നു. എന്നാൽ വീണതാണെന്നും മറ്റുമാണ് പറഞ്ഞത്. ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിട്ടുള്ള ആളെ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ. ഇഷ്ടമാണെങ്കിൽ മകളെ വിവാഹം ചെയ്തു തരാമെന്നും വീട്ടുകാരുമായി സംസാരിക്കണമെന്നും പറഞ്ഞു. 3–4 വർഷം വേണമെന്നാണ് ചെറുപ്പക്കാരൻ പറഞ്ഞത്. ഈ ബന്ധം അവസാനിപ്പിക്കണമെന്ന് താൻ മകളോട് പറഞ്ഞിരുന്നെന്നും അമ്മ പറയുന്നു. . മകളുടെ സുഹൃത്തുക്കളെ പേടിച്ചിട്ടാണ് വീട്ടിൽനിന്നു മാറി മറ്റൊരിടത്ത് താമസിച്ചിരുന്നതെന്നും അവർ വെളിപ്പെടുത്തി. എങ്കിലും മകളുമായി നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു എന്നും അവർ പറയുന്നു. പെൺകുട്ടി ഈ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
ശനിയാഴ്ച രാത്രി ആൺസുഹൃത്ത് മറ്റൊരാൾക്കൊപ്പം ബൈക്കിൽ പെൺകുട്ടിയുടെ വീടിനു സമീപം വന്നിറങ്ങുന്നതു സിസിടിവി ദൃശ്യങ്ങളിലുണ്ട്. പിറ്റേന്നു പുലർച്ചെ 4 മണിയോടെയാണു മടങ്ങിപ്പോയത്. വൈകിട്ട് 4 മണിയോടെയാണു വീട്ടിലെത്തിയ ബന്ധു പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. കൈകളിലെ മുറിവിൽ ഉറുമ്പരിക്കുന്ന നിലയിൽ അർധനനഗ്നയായാണു കിടന്നിരുന്നതെന്നു പൊലീസ് പറഞ്ഞു. പൊലീസാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ച പെൺകുട്ടിയെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പെൺകുട്ടിയുടെ മറ്റു സുഹൃത്തുക്കള്‍ വീട്ടിൽ വന്നു പോകുന്നതിനെ ചൊല്ലി ആൺസുഹൃത്തുമായി മുൻപും തർക്കങ്ങളുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും നാട്ടുകാർ തന്നെ വാർഡ് അംഗത്തോടു പരാതി പറഞ്ഞിട്ടുണ്ട്. ഈ വീട്ടിൽ ആളുകൾ വന്നുപോകുന്നതു ശല്യമാണെന്നു പൊലീസിനു പരാതി നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇപ്പോൾ കസ്റ്റഡിയിലുള്ള ആൺസുഹൃത്തിനെയും നാട്ടുകാർ പലപ്പോഴും കണ്ടിട്ടുണ്ട്.