ബ്രൂവറി വിഷയത്തിൽ പ്രചരിപ്പിക്കുന്നത് അര്‍ധസത്യങ്ങളും തെറ്റിദ്ധാരണാജനകമായ കാര്യങ്ങളും: എം.ബി.രാജേഷ്

Mail This Article
തിരുവനന്തപുരം∙ പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് അര്‍ധസത്യങ്ങളും തെറ്റിദ്ധാരണാജനകമായ കാര്യങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ്. പ്രതിപക്ഷ നേതാവ് ഇതു സംബന്ധിച്ച് ഇന്നു പുറത്തുവിട്ട കാബിനറ്റ് നോട്ട് സര്‍ക്കാര്‍ 16-ാം തീയതി ഉത്തരവിറക്കിയപ്പോള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയിരുന്നതാണ്. ഒറ്റക്കമ്പനിയാണ് ഇക്കാര്യം അറിഞ്ഞതെന്ന ആരോപണവും തെറ്റാണ്. കേരളത്തില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ആവശ്യത്തിനു നിര്‍മിക്കാന്‍ പുതിയ യൂണിറ്റ് ആരംഭിക്കുകയാണ് പോംവഴി എന്ന് 2022-23ലെ മദ്യനയത്തില്‍ വ്യക്തമാക്കിയിരുന്നു. 2023-24ലെ മദ്യനയത്തിന്റെ ആമുഖത്തിലും സമാനമായ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. യോഗ്യതയുള്ളവര്‍ക്ക് ബ്രൂവറി അനുവദിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവുകളിലും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
2023 നവംബര്‍ 30നാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കമ്പനിയില്‍നിന്ന് അപേക്ഷ ലഭിച്ചത്. പത്തുഘട്ടങ്ങളായി പരിശോധന നടത്തി 2025 ജനുവരി 16നാണ് മന്ത്രിസഭ അനുമതി നല്‍കിയത്. 2024 മാര്‍ച്ച് 16ന് മന്ത്രിയുടെ മുന്നില്‍ വിഷയം എത്തിയപ്പോള്‍ ജലലഭ്യത സംബന്ധിച്ച് വ്യക്തതയ്ക്കായി ഫയല്‍ തിരിച്ചയച്ചു. എക്‌സൈസ് കമ്മിഷണര്‍ അതിനും മറുപടി നല്‍കിയ ശേഷമാണ് അനുമതി നല്‍കിയത്. എക്‌സൈസിന് കൊടുക്കാമായിരുന്ന അനുമതി മന്ത്രിസഭയില്‍ എത്തിച്ചാണ് അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
ഒരു തുള്ളി ഭൂഗര്‍ഭജലം പദ്ധതിക്കായി ആവശ്യമില്ല. 81.5 ദശലക്ഷം ലീറ്റര്‍ വെള്ളമാണ് പാലക്കാട് ഭാഗത്ത് കുടിവെള്ളത്തിനായി മലമ്പുഴ ഡാമില്‍നിന്നു പ്രതിദിനം വേണ്ടിവരുന്നത്. എഥനോള്‍ പ്ലാന്റിന് ആദ്യഘട്ടത്തില്‍ പ്രതിദിനം 0.05 ദശലക്ഷം ലീറ്റര്‍ വെള്ളമാണ് വേണ്ടിവരുന്നത്. പൂര്‍ണതോതില്‍ ആയാല്‍ 0.5 ദശലക്ഷം ലീറ്റര്‍ വെള്ളം മതിയാകും. മലമ്പുഴയില്‍നിന്ന് കിന്‍ഫ്രയിലേക്കും പാലക്കാട് ഐഐടിയിലേക്കു പ്രതിദിനം വെള്ളം കൊടുക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. ഇതില്‍നിന്നു കമ്പനിക്കു വെള്ളം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2015 ജനുവരി 31ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് കിന്‍ഫ്രയ്ക്ക് 10 ദശലക്ഷം ലീറ്റര്‍ വെള്ളം കൊടുക്കാന്‍ ധാരണയായത്. ഇതിനു പുറമേ 5 ഏക്കറില്‍ മഴവെള്ള സംഭരണി ഉണ്ടാക്കുമെന്ന് കമ്പനി പറഞ്ഞിട്ടുണ്ട്. ഈ മേഖലകളില്‍ നിലവില്‍ മഴവെള്ള സംഭരണികള്‍ സ്ഥാപിച്ചിട്ടുള്ളതു പ്രതിപക്ഷ നേതാവിനും മുന്‍പ്രതിപക്ഷ നേതാവിനും ഉള്‍പ്പെടെ എല്ലാവര്‍ക്കും നേരിട്ട് പരിശോധിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലേക്കു വരുന്ന 4200 കോടി രൂപയുടെ സ്പിരിറ്റിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നാണ്. കര്‍ണാടകയിലെ ഒരു മന്ത്രിക്കും എംഎല്‍സിക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിനും സ്പിരിറ്റ് നിര്‍മാണ യൂണിറ്റുണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇതിനോടൊന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചിട്ടില്ല. ഇത്തരത്തില്‍ സ്പിരിറ്റ് വരുന്നതു വഴി കേരളത്തിനു ജിഎസ്ടി ഇനത്തില്‍ 210 കോടി നഷ്ടമുണ്ടാകുന്നു. തൊഴില്‍ അവസരങ്ങളും നഷ്ടമാകുന്നുണ്ട്. ഇതെല്ലാം വസ്തുത ആണെന്നിരിക്കെയാണ് എല്ലാം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷം ബ്രൂവറിയെ എതിര്‍ക്കുന്നതിനു പിന്നില്‍ ദുരൂഹത ഉണ്ട്. മുന്‍പ്രതിപക്ഷ നേതാവ് കേരളത്തിനു പുറത്തുനിന്നുള്ള സ്പിരിറ്റ് കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ എന്നു പറയണം. നടത്തിയെങ്കില്‍ എന്തായിരുന്നു ചര്‍ച്ച ചെയ്തത്. അദ്ദേഹം മഹാരാഷ്ട്രയുടെ ചുമതലയുള്ള ആളാണ്. അവിടെനിന്ന് സ്പിരിറ്റ് ഇങ്ങോട്ടു കൊണ്ടുവരാം. ഇവിടെ നിര്‍മിക്കാന്‍ പാടില്ലെന്നത് വിചിത്രമായ വാദമാണ്.
ഈ വസ്തുതകള്‍ വിശദീകരിച്ചാല്‍ പ്ലാന്റിന് എതിരെ സിപിഐ ഉയര്‍ത്തുന്ന എതിര്‍പ്പും ഇല്ലാതാകുമെന്ന് മന്ത്രി പറഞ്ഞു. വെള്ളത്തിന്റെ കാര്യത്തില്‍ തൃപ്തികരമായ വിശദീകരണമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഘടകകക്ഷികളെ ചാരി രക്ഷപ്പെടാമെന്ന് പ്രതിപക്ഷം ചിന്തിക്കരുതെന്നും ഒരു ഘടകകക്ഷിയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.