സ്നാനപുണ്യം തേടി കോടിക്കണക്കിനു ഭക്തർ; അനിയന്ത്രിത തിരക്കിൽ അപകടം: വലഞ്ഞ് രക്ഷാപ്രവർത്തകരും

Mail This Article
പ്രയാഗ്‌രാജ്∙ മഹാകുംഭ മേളയിലെ ഏറ്റവും പ്രധാന ദിവസമാണ് മഹാമൗനി അമാവാസി. മൂന്നു നദികളുടെ സംഗമസ്ഥാനമായി കരുതപ്പെടുന്ന ത്രിവേണീസംഗമത്തിൽ ഈ ദിവസം നടത്തുന്ന അമൃത് സ്നാനം മോക്ഷം നൽകുമെന്നാണ് വിശ്വാസം. അതിനാൽ കോടിക്കണക്കിനു വിശ്വാസികളാണ് അമൃത് സ്നാനത്തിനായി ഇവിടേക്ക് ഒഴുകിയത്. എന്നാൽ തിരക്ക് അനിയന്ത്രിതമായതോടെ അത് ദുരന്തമാകുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് 15 പേർ മരിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മഹാകുംഭമേള ആരംഭിച്ചതു മുതൽ ചൊവ്വാഴ്ച വരെ 20 കോടിയിലേറെ പേരാണ് സ്നാനത്തിന് ഇവിടെയെത്തിയതെന്നാണ് കണക്ക്.
അപകടം പുലർച്ചെ 2.30ന്
ഭക്തരുടെ വൻകൂട്ടം തിക്കിലും തിരക്കിലും ബാരിക്കേഡ് മറികടന്നതോടെ പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. തിരക്കിൽപ്പെട്ട് ആളുകൾ നിലത്തുവീണു. അവരെ എഴുന്നേൽപിക്കാൻ പോലും സാധിക്കാത്ത വിധം കൂടുതൽപേർ അതിനു മുകളിലേക്കു വീണു. ബഹളത്തിൽ ആശയക്കുഴപ്പമുണ്ടായ ജനം ചിതറിയോടിയത് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇതിനിടെ സ്നാനം പൂർത്തിയായി മടങ്ങുന്നവർക്ക് പുറത്തു കടക്കാനുള്ള പാതയിൽ തിരക്ക് അനിയന്ത്രിതമായതും സ്ഥിതി വഷളാക്കി.
അപൂർവമായ ‘ത്രിവേണി യോഗ’ വിന്യാസം
144 വർഷത്തിനു ശേഷം നടക്കുന്ന മഹാകുംഭമേളയിലെ പ്രധാന വിശേഷമായിരുന്നു അപൂർവമായ ‘ത്രിവേണി യോഗ’ ആകാശ വിന്യാസം. ഈ സമയത്തെ സ്നാനത്തിനാണ് ജനങ്ങൾ എത്തിയത്. 10 കോടി തീർഥാടകരെങ്കിലും മൗനി അമാവാസിയിലെ ‘അമൃത് സ്നാനം’ നടത്താൻ എത്തുമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടൽ. എന്നാൽ ഇതിലും വളരെക്കൂടുതൽ പേർ എത്തിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.
‘ത്രിവേണി യോഗ’ ആകാശ വിന്യാസ ദിവസം പുണ്യനദികളിലെ ജലം അമൃത് ആയി മാറുമെന്നാണു വിശ്വാസം. സൂര്യൻ, ചന്ദ്രൻ, ചൊവ്വ എന്നിവയുടെ പ്രത്യേക വിന്യാസമാണ് ‘ത്രിവേണി യോഗ’ ആകാശ വിന്യാസം.
ത്രിവേണീസംഗമം
ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമസ്ഥാനമാണ് ത്രിവേണീസംഗമം. മൗനി അമാവാസി ദിനത്തിൽ ഇവിടെ സ്നാനം നടത്തുന്നത് വിശുദ്ധമാണെന്നാണ് വിശ്വാസം. സന്യാസി, ബൈരാഗി, ഉദസീൻ എന്നീ മൂന്ന് അഖാഡകളിൽപെട്ട സന്യാസിമാർ ഘോഷയാത്രയായി എത്തി ഒരു നിശ്ചിത ക്രമത്തിൽ ഗംഗയിൽ സ്നാനം നടത്തുന്നതാണ് ചടങ്ങ്. പിന്നാലെ വിശ്വാസികളും സ്നാനം നടത്തും. ഇത്രയധികം ജനങ്ങൾ സംഗമസ്ഥാനത്തേക്ക് എത്തിയതോടെ തിരക്ക് അനിയന്ത്രിതമായി വർധിക്കുകയായിരുന്നു.

എന്നാൽ തിരക്ക് വർധിക്കുകയും അപകട വാർത്ത പരക്കുകയും ചെയ്തതോടെ നിരവധി ഭക്തർ സ്നാനം നടത്താതെ മടങ്ങി. ത്രിവേണീസംഗമത്തിലേക്ക് പോകുകയായിരുന്ന നിരവധി അഖാഡകൾ, സ്നാനം നടത്തുന്നതു നിർത്തിവച്ചു. അഖില ഭാരതീയ അഖാഡ പരിഷത്തും ജുന അഖാഡ നരേൻ ഗിരിയും പഞ്ചായത്ത് മഹാനിർവാണിയും ത്രിവേണീസംഗമത്തിലെ സ്നാനം ഒഴിവാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ഭക്തർ ത്രിവേണീസംഗമത്തിലേക്ക് നീങ്ങാതെ ഗംഗയ്ക്ക് സമീപമുള്ള മറ്റു സ്നാന ഘട്ടങ്ങളിലോ അവരവർ നിൽക്കുന്നതിനു സമീപത്തിനടുത്തുള്ള ഘാട്ടുകളിലോ അമൃത് സ്നാനം നടത്തണമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഭ്യർഥിച്ചു.
തിരക്കിൽപെട്ട് ആംബുലൻസുകൾ; വലഞ്ഞ് രക്ഷാപ്രവർത്തകർ
തിക്കിലും തിരക്കിലും പരുക്കേറ്റവരെ പുറത്തെത്തിക്കുക എന്നതായിരുന്നു രക്ഷാപ്രവർത്തകരുടെ മുൻപിലെ വെല്ലുവിളി. നിരവധി ആംബുലൻസുകൾ ഘാട്ടിലേക്കു കുതിച്ചെത്തിയെങ്കിലും കോടിക്കണക്കിന് ആളുകൾ വന്നുപോയ്‌ക്കൊണ്ടിരിക്കുന്ന ത്രിവേണീസംഗമത്തിനു സമീപത്തേക്ക് അവയെത്തിക്കുക പ്രയാസമായിരുന്നു. പരുക്കേറ്റവരിലേറെയും സ്ത്രീകളാണെന്നാണ് സൂചന. തിങ്ങിനിറഞ്ഞ ഭക്തരുടെ ഇടയിലൂടെ പരുക്കേറ്റവരെ പുറത്തെത്തിക്കാൻ തന്നെ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ടി.
പരുക്കേറ്റവരെ കുംഭമേള മൈതാനത്തു സജ്ജീകരിച്ച സെൻട്രൽ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. ഗുരുതരമായി പരുക്കേറ്റവരെ ബെയ്‌ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കൽ കോളജിലേക്കുമാണ് മാറ്റിയത്.