‘ആരുടെയും ക്ഷണം വേണ്ട, സമരം കർഷകർക്കായി’: യുഡിഎഫിന്റെ മലയോര ജാഥയിൽ പങ്കെടുക്കാൻ അൻവർ

Mail This Article
മലപ്പുറം ∙ യുഡിഎഫിന്റെ മലയോര പ്രചാരണ യാത്രയിൽ ക്ഷണിക്കാതെ തന്നെ പങ്കെടുക്കുമെന്നു തൃണമുൽ കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ പി.വി.അൻവർ. മലയോരത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ വേണ്ടിയാണു സമരം. ഇതിൽ പങ്കെടുക്കാൻ ആരുടെയും ക്ഷണം ആവശ്യമില്ല. ക്ഷണിക്കാതെ തന്നെ പങ്കെടുക്കാം. നിലമ്പൂരിലെ സ്വീകരണത്തിലാണു പങ്കെടുക്കുകയെന്നും അൻവർ പറഞ്ഞു. എടക്കര പോത്തുകല്ലിൽ പ്രളയബാധിതർക്കായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിർമിച്ച വീടുകളുടെ കൈമാറ്റച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.
മലയോര യാത്രയിൽ പങ്കെടുക്കാൻ അനുവാദം തേടി പി.വി.അൻവർ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കണ്ടിരുന്നു. യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് മാനന്തവാടിയിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. വന്യജീവി ആക്രമണ വിഷയം ചൂണ്ടിക്കാട്ടിയാണു താൻ എംഎൽഎ സ്ഥാനം രാജിവച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ സതീശനെ ധരിപ്പിച്ചു.
ഈ സാഹചര്യങ്ങളാൽ, വന്യജീവി ആക്രമണം വിഷയമാക്കി നടത്തുന്ന യാത്രയിൽ ഒപ്പംകൂട്ടണമെന്നതായിരുന്നു ആവശ്യം. യാത്രയിലോ മുന്നണിയിലോ സഹകരിപ്പിക്കുന്ന കാര്യത്തിൽ യുഡിഎഫിൽ ആലോചിക്കാതെ ഒറ്റയ്ക്കു തീരുമാനമെടുക്കാൻ കഴിയില്ലെന്നു പ്രതിപക്ഷ നേതാവ് അറിയിച്ചു. യുഡിഎഫിൽ ചേരാനായി തൃണമൂൽ കോൺഗ്രസ് കേരളാ ഘടകം അപേക്ഷ നൽകിയിട്ടുണ്ട്.