‘കൊലയാളി സംഘത്തെ പുറത്താക്കൂ; പാപം പേറുന്ന അപ്പച്ചനെ കോൺഗ്രസിന് വേണ്ട’: വയനാട് ഡിസിസി ഓഫിസിൽ പോസ്റ്ററുകൾ

Mail This Article
കൽപറ്റ∙ വയനാട് ഡിസിസി ഓഫിസിൽ നേതാക്കൾക്കെതിരെ പോസ്റ്ററുകൾ. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, ടി.സിദ്ദിഖ് എംഎൽഎ എന്നിവർക്കെതിരെയാണു പോസ്റ്ററുകൾ പതിപ്പിച്ചത്. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ. ‘പാപം പേറുന്ന അപ്പച്ചനെ പാർട്ടിക്ക് വേണ്ട, കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ, ഡിസിസി ഓഫിസിൽ പൊലീസ് കയറി നിരങ്ങുന്നു, എൻ.എം.വിജയന്റെയും മകന്റെയും മൃതദേഹത്തിന് മുന്നിൽ നിങ്ങൾ വിതുമ്പിയ കണ്ണുനീർ പാർട്ടിക്കാരുടെ ശാപമാണ്. ചുരം കേറിവന്ന എംഎൽഎയെ കൂട്ടുപിടിച്ച് കോൺഗ്രസ് പ്രവർത്തകരെ കൊന്നു തിന്നുന്ന ഡിസിസി അധ്യക്ഷനെ പുറത്താക്കുക’ തുടങ്ങിയ വാക്കുകളാണു പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഇന്നു രാവിലെയാണു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഡിസിസി ട്രഷറർ എൻ.എം.വിജയന്റെയും മകന്റെയും ആത്മഹത്യയ്ക്കു ശേഷം വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ രാജി വയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എൻ.എം.വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവരുടെ പേരുകളുണ്ടായിരുന്നു. ഇവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ പ്രിയങ്ക ഗാന്ധി എൻ.എം.വിജയന്റെ വീട് സന്ദർശിച്ചു. കെപിസിസി അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് വന്നശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണു പ്രിയങ്ക കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുന്നത്. ഇതിനിടെയാണു പോസ്റ്ററുകൾ പ്രത്യപ്പെട്ടത്. ടി.സിദ്ദിഖിനെതിരെ മുൻപും ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു.