പൊലീസ് ‘അകമ്പടി’യിൽ വോട്ടുതേടുന്ന സ്ഥാനാർഥികൾ; സുരക്ഷാച്ചെലവ് ദിവസം 2.47 ലക്ഷം

Mail This Article
മുസ്തഫാബാദ് ∙ സുപ്രീം കോടതി 6 ദിവസത്തെ കസ്റ്റഡി പരോൾ അനുവദിച്ചതിനെത്തുടർന്നു മുസ്തഫാബാദിലെ എഐഎംഐഎം സ്ഥാനാർഥി താഹിർ ഹുസൈൻ തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചു. ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഹുസൈന് കഴിഞ്ഞ ദിവസമാണു പരോൾ അനുവദിച്ചത്. കഴിഞ്ഞദിവസം തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങിയ ഹുസൈൻ പൊലീസ് കസ്റ്റഡിയിലാണു പ്രചാരണം നടത്തുന്നത്.
ജയിലിൽ നിന്നിറങ്ങിയ ഹുസൈൻ നേരെ 25 ഫൂട്ടാ റോഡിലെ പാർട്ടി ഓഫിസിലേക്കാണെത്തിയത്. കലാപബാധിത പ്രദേശമായ കരാവൽ നഗറിലെ വീട്ടിലേക്കു പോകരുതെന്നും തന്റെ പേരിലുള്ള കേസുകളെക്കുറിച്ച് പരസ്യപ്രസ്താവനകൾ നടത്തരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 3 വരെ ദിവസവും രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സായുധ പൊലീസ് സംഘത്തിന്റെ മേൽനോട്ടത്തിൽ പ്രചാരണം നടത്താനാണു അനുമതി. സുരക്ഷാ ചെലവിനായി ഒരു ദിവസം 2.47 ലക്ഷം രൂപ വീതം താഹിർ ഹുസൈൻ നൽകണമെന്നും കോടതി നിർദേശിച്ചു. മോഹൻ സിങ് ബിഷ്ട് (ബിജെപി), ആദിൽ അഹമ്മദ് ഖാൻ (എഎപി), അലി മെഹന്ദി (കോൺഗ്രസ്) എന്നിവരാണ് മണ്ഡലത്തിലെ മറ്റു സ്ഥാനാർഥികൾ.
അതേസമയം ഡൽഹി കലാപക്കേസിൽ ജയിലിലായിരുന്ന ഓഖ്‌ല മണ്ഡലത്തിലെ എഐഎംഐഎം സ്ഥാനാർഥി ഷഫാഉർ റഹ്മാനു സെഷൻസ് കോടതി പ്രചാരണത്തിനായി 5 ദിവസത്തെ പരോൾ കസ്റ്റഡി അനുവദിച്ചു. ഓരോ ദിവസത്തെയും സുരക്ഷച്ചെലവിനായി 2.7 ലക്ഷം രൂപ വീതം നൽകണം. തിരഞ്ഞെടുപ്പു യോഗങ്ങളിലും വാർത്താസമ്മേളനങ്ങളിലും കേസിനെക്കുറിച്ചു പരാമർശിക്കരുതെന്നും അഡിഷനൽ സെഷൻസ് ജഡ്ജി സമീർ ബാജ്പേയ് നിർദേശിച്ചു.