ബംഗാളിൽ ക്ലാസ് മുറിയിൽവച്ച് പ്രഫസർ–വിദ്യാർഥി വിവാഹം: വിഡിയോയ്ക്ക് പിന്നാലെ അന്വേഷണവുമായി സർവകലാശാല

Mail This Article
കൊൽക്കത്ത∙ ബംഗാളിലെ കോളജ് ക്ലാസ് മുറിയിൽവച്ച് വനിതാ പ്രഫസറും വിദ്യാർഥിയും തമ്മിൽ വിവാഹം കഴിക്കുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നു. വിവാഹ അനുബന്ധ ചടങ്ങുകളായ ഹൽദി, പരസ്പരം മാല ചാർത്തൽ തുടങ്ങിയവ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഡിയോ വൈറൽ ആയതിനു പിന്നാലെ സർവകലാശാല ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. കൊൽക്കത്തയിൽനിന്ന് 150 കി.മീ. അകലെയുള്ള നാദിയയിലെ ഹരിൻഘട്ട ടെക്നോളജി കോളജിലെ സൈക്കോളജി വിഭാഗത്തിലാണ് സംഭവം.
പായൽ ബാനർജിയെന്ന പ്രഫസറാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വിവാഹ വസ്ത്രങ്ങളും പൂമാലയും അണിഞ്ഞുനിൽക്കുന്ന പ്രഫസർ പക്ഷേ, നടന്നത് യഥാർഥ കല്യാണമല്ലെന്നും പഠനാവശ്യങ്ങൾക്കായി ചിത്രീകരിച്ചതാണെന്നുമുള്ള നിലപാടിലാണ്. പഠനത്തിന്റെ ഭാഗമായ ചില കാര്യങ്ങൾ വ്യക്തമാക്കുന്നതിനുവേണ്ടി നടത്തിയ നാടകമാണതെന്നും വിഡിയോ പുറത്തുവിട്ടത് തന്നെ അപമാനിക്കാനാണെന്നും അവർ പറയുന്നു. വിഡിയോയിൽ ഉള്ള വിദ്യാർഥിയുടെ പ്രതികരണം ലഭ്യമല്ല. അന്വേഷണത്തിന്റെ ഭാഗമായി പായൽ നിലവിൽ അവധിയിൽ ആണ്. മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്.
‘ദമ്പതികൾ’ കത്തിച്ചുവച്ച മെഴുകുതിരിക്കുമുന്നിൽ ഏഴു തവണ വട്ടം ചുറ്റുന്നതും വിദ്യാർഥി പ്രഫസറുടെ നെറുകയിൽ സിന്ദൂരം ചാർത്തുന്നതും റോസാപ്പൂ നൽകുന്നതും വിഡിയോയിൽ ഉണ്ട്. സർവകലാശാലയുടെ ലെറ്റർഹെഡിൽ വിദ്യാർഥിയും പ്രഫസറും പരസ്പരം ഭാര്യാഭർത്താക്കന്മാരായി അംഗീകരിക്കുന്നതായി ഒപ്പിട്ട രേഖയും പുറത്തുവന്നു. ഇരുഭാഗത്തുനിന്നും മൂന്നുവീതം സാക്ഷികളും ഒപ്പുവച്ചിട്ടുണ്ട്.