മറ്റൊരു സ്ത്രീയുമായുള്ള അടുപ്പം ചോദ്യം ചെയ്തു; യുവതിക്ക് ഭർത്താവിന്റെ ക്രൂമർദനം, കുഞ്ഞിനും പരുക്ക്– വിഡിയോ

Mail This Article
ആലപ്പുഴ∙ കലവൂരിൽ യുവതിയെ ഭർത്താവ് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഭാര്യയെ മർദിച്ചപ്പോൾ കൈയിലിരുന്ന 3 വയസ്സുള്ള കുഞ്ഞിനും സാരമായ പരുക്കേറ്റു. ഭാര്യയുടെ പരാതിയിൽ മണ്ണഞ്ചേരി സ്വദേശി സനലിന് എതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. മറ്റൊരു സ്ത്രീയുമായി സനലിനുള്ള അടുപ്പം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ ഭാര്യയെ മർദിച്ചതെന്നാണ് റിപ്പോർട്ട്. ഓട്ടോഡ്രൈവറായ പ്രതി നേരത്തെയും നിരവധി അടിപടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
മുഖത്തു ക്രൂരമായ മർദനമേറ്റ നിലയിൽ ഭാര്യയും തലകൾ കൂട്ടിയിടിച്ച് പരുക്കേറ്റ കുഞ്ഞും ആലപ്പുഴ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 12 വർഷം മുൻപു വിവാഹിതരായ ഇവർക്ക് 11 വയസ്സു 3 വയസ്സുമുള്ള രണ്ടു കുട്ടികളാണുള്ളത്. എന്നാൽ സനലിന് കഴിഞ്ഞ ഒരു വർഷമായി മറ്റൊരു സ്ത്രീയുമായി അടുപ്പമുള്ളതായി ഭാര്യ നൽകിയ പരാതിയിൽ പറയുന്നു.
ഇവരുടെ ഫോൺ വിളികളും മെസജുകളും ശ്രദ്ധയിൽപ്പെട്ട ഭാര്യ പലതവണ ഇതു ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ ദിവസം മാരകമായി മർദിച്ചത്. കരണത്തടിയേറ്റ് തല വെട്ടിയതോടെ കയ്യിലിരുന്ന കുഞ്ഞിന്റെ തലയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭർതൃപിതാവ് എത്തിയാണ് ഇവരെ മർദനത്തിൽനിന്നു രക്ഷിച്ചത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മർദനത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.