പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെ ചോദ്യം ചെയ്ത് വിട്ടയച്ച് പൊലീസ്

Mail This Article
കോഴിക്കോട്∙ പോക്സോ കേസിൽ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ ഹജരായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. വിളിപ്പിച്ചാൽ ഇനിയും സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് നിർദേശം നൽകി. കോഴിക്കോട് ജില്ല വിട്ട് പുറത്തു പോകരുതെന്നും നിർദേശിച്ചു. കസബ സിഐയുടെ നേതൃത്വത്തിൽ മൂന്നര മണിക്കൂറോളമാണ് ജയചന്ദ്രനെ ചോദ്യം ചെയ്തത്. ഒന്നും പറയാൻ അനുമതിയില്ലെന്നും നിയമനടപടികളോട് സഹകരിക്കുമെന്നും ചോദ്യം ചെയ്യലിനു ശേഷം ജയചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
6 മാസത്തിലേറെ നീണ്ട ഒളിവു ജീവിതത്തിനു ശേഷമാണു ജയചന്ദ്രൻ പൊലീസിനു മുന്നിലെത്തിയത്. ഫെബ്രുവരി 28 വരെ ജയചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീംകോടതി ഉത്തരവുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകുംവരെ അറസ്റ്റ് പാടില്ലെന്നാണു നിർദേശം. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
പോക്സോ നിയമങ്ങൾ ദുരുപയോഗം ചെയ്ത കേസാണെന്നും പരാതിക്കു പിന്നിൽ മറ്റു കാരണങ്ങളുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ നടൻ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനു നോട്ടിസ് അയച്ച കോടതി ഫെബ്രുവരി 28ലേക്കു ഹർജി പരിഗണിക്കാൻ മാറ്റി. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസാണു ജയചന്ദ്രനെതിരെ കേസെടുത്തത്. നടന്റെ മുൻകൂർ ജാമ്യഹർജി കേരള ഹൈക്കോടതി തള്ളിയപ്പോഴാണു സുപ്രീംകോടതിയെ സമീപിച്ചത്. ഒളിവിൽ പോയ ജയചന്ദ്രനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു.