തൃശൂരിനു പിന്നാലെ പുൽപ്പള്ളി; എഫ് സോൺ കലോത്സവത്തിലും എസ്എഫ്ഐ– കെഎസ്യു സംഘർഷം

Mail This Article
പുല്‍പ്പള്ളി (വയനാട്)∙ തൃശൂരില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോല്‍സവത്തിലെ സംഘര്‍ഷത്തിനു പിന്നാലെ വയനാട് പുല്‍പ്പള്ളിയില്‍ നടക്കുന്ന എഫ് സോണ്‍ കലോല്‍സവത്തിലും സംഘര്‍ഷം. പുല്‍പ്പള്ളി പഴശിരാജ കോളജില്‍ നടന്നുവരുന്ന എഫ് സോണ്‍ കലോത്സവത്തിനിടെയാണ് എസ്എഫ്ഐ– കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടിയത്. മത്സരഫലത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു സംഘർഷം.
കാലിക്കറ്റ് സർവകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറി അശ്വിന്‍നാഥ് കെ.പി, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് റിന്‍ഷാദ് പി.എം, കെഎസ്‍യു കോഴിക്കോട് ജില്ലാ സെക്രട്ടറി തനുദേവ് എന്നിവർക്ക് പരുക്കേറ്റു. ഇവരെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
പ്രകോപനമില്ലാതെ എസ്എഫ്ഐക്കാർ മർദിച്ചതാണെന്ന് കെഎസ്‍യു പ്രവർത്തകർ ആരോപിച്ചു. 13 വര്‍ഷത്തിന് ശേഷം യൂണിവേഴ്‌സിറ്റി യൂണിയന്‍ യുഡിഎസ്എഫ് പിടിച്ചെടുത്തതിന്റെ വൈരാഗ്യമാണ് കലോത്സവങ്ങള്‍ അലങ്കോലമാക്കാനുള്ള ശ്രമത്തിന് പിന്നിലെന്ന് നേതാക്കള്‍ ആരോപിച്ചു.