ഭാര്യയുടെ ബന്ധുവായ 11കാരിയെ പീഡിപ്പിച്ചു, ഭാര്യ ഫോൺ പരിശോധിച്ചപ്പോൾ പീഡനരംഗം; 32കാരന് 78 വർഷം തടവ്

Mail This Article
തിരുവനന്തപുരം∙ ഭാര്യയുടെ ബന്ധവുവിന്റെ 11 വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിൽ 32 വയസ്സുകാരന് 78 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ തൊട്ടടുത്ത വീട്ടിൽ താമസിച്ചുവരികയായിരുന്ന പ്രതി ഒരു വർഷത്തോളം നിരന്തരമായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന രംഗങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ മൊബൈൽ ഫോണിൽ പ്രതിയുടെ ഭാര്യ തന്നെ ഈ രംഗങ്ങൾ കാണാൻ ഇടയായതിനാലാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്‌ജി എം.പി.ഷിബുവാണ് ശിക്ഷ വിധിച്ചത്. അടുത്ത ബന്ധുവെന്ന നിലയിൽ പെൺകുട്ടി അർപ്പിച്ചിരുന്ന വിശ്വാസം മുതലെടുത്താണ് പ്രതി കുട്ടിയോട് ഇത്തരത്തിൽ ക്രൂരത കാണിച്ചതെന്നും പ്രതി യാതൊരുവിധത്തിലുമുള്ള ദയയും അർഹിക്കുന്നില്ലെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പാങ്ങോട് പൊലീസ് റജിസ്റ്റർ ചെയ്‌ത കേസിൽ സിഐ എച്ച്.എസ്.ഷാനിഫ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത്പ്രസാദ്, അഭിഭാഷകയായ വി.സി.ബിന്ദു എന്നിവർ ഹാജരായി.