പുഞ്ചിരിമട്ടത്തിനു മുകളിൽ മൺനിറമുള്ള മുറിപ്പാട്; ജീവിതം തിരിച്ചുപിടിക്കാനാകാതെ മുണ്ടക്കൈയും ചൂരൽമലയും

Mail This Article
മേപ്പാടി ∙ ഒരൊറ്റ രാത്രി കൊണ്ട് ഒരു ദേശത്തെത്തന്നെ തുടച്ചുമാറ്റിയ ഉരുൾദുരന്തത്തിന് ഇന്ന് ആറുമാസം. ജീവനോടെ ശേഷിച്ചവരിൽ അന്നു നനഞ്ഞ കൊടുംമഴയുടെ മരണത്തണുപ്പ് ഇപ്പോഴും ബാക്കി നിൽക്കുന്നു. ഉരുൾ പൊട്ടിയൊഴുകിയിടത്തെല്ലാം ചെളിയുറച്ചു. അതിനിടയിൽ പാറക്കല്ലുകൾ എഴുന്നുതെളിഞ്ഞിട്ടുണ്ട്. മുണ്ടക്കൈ സ്കൂളിന്റെ രണ്ടു നിലക്കെട്ടിടത്തിനു മുകളിലേക്ക് അടിച്ചുകയറിയ ചെളി ഉണങ്ങി, ദുരന്തത്തിന്റെ അടയാളരേഖ പോലെ തെളിഞ്ഞുകിടപ്പുണ്ട്. അന്ന് ഭീകരരൂപം പൂണ്ട് അലറിപ്പാഞ്ഞ പുന്നപ്പുഴ നേർത്ത ജലനൂലു പോലെ നിശബ്ദം ഒഴുകുന്നു. സീതമ്മക്കുണ്ട് വെള്ളച്ചാട്ടത്തിന്റെ രൂപം മാറി. വെള്ളം കുത്തിയൊഴുകുന്ന പാറകൾ തെളിഞ്ഞു കാണാം. ആളുകൾ ഉപേക്ഷിച്ച മുണ്ടക്കൈപ്രദേശത്ത് വന്യമൃഗങ്ങൾ നിത്യ സന്ദർശകരാണ്. പലയിടത്തും ഉണങ്ങാത്ത ആനപ്പിണ്ടങ്ങൾ. തകർന്ന കെട്ടിടങ്ങളുടെ ഭാഗങ്ങൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. അങ്ങു ദൂരെ പുഞ്ചിരിമട്ടത്തിനും മുകളിൽ, മലയുടെ നെഞ്ചിൽ മൺനിറമുള്ള വലിയൊരു മുറിപ്പാട്; ഉരുളിന്റെ ഉത്ഭവസ്ഥാനം.

പ്രതീക്ഷകൾ തുറക്കുന്നു

അറുപതോളം കടകളാണ് ചൂരൽമലയിലുണ്ടായിരുന്നത്. ഇപ്പോൾ രണ്ടു ചായക്കടകളടക്കം ഏഴു കടകൾ തുറന്നു. സ്ഥലം സന്ദർശിക്കാനെത്തുന്നവരെ പ്രതീക്ഷിച്ചാണിത്. തകർന്ന കെട്ടിടങ്ങളിൽ, ഉപയോഗയോഗ്യമായവയിലാണ് ബേക്കറി ഉൾപ്പെടെയുള്ളവ തുറന്നത്. പുറത്തുനിന്ന് ധാരാളം പേർ ചൂരൽമല സന്ദർശിക്കാനെത്തുന്നുണ്ടെന്നും അവരെ പ്രതീക്ഷിച്ചാണ് കട തുറന്നതെന്നും ഇളനീർ വിൽക്കുന്ന റസാഖ് ചേലമ്പാടൻ പറഞ്ഞു. റസാഖിന് ആദ്യം തൊള്ളായിരം കണ്ടിയിൽ ജീപ്പ് ഓടിക്കലായിരുന്നു ജോലി. ഇപ്പോൾ സഞ്ചാരികൾ കുറഞ്ഞതോടെ പണിയില്ലാതെയായി. ഇതോടെയാണ് ബന്ധുവിന്റെ തകർന്ന കെട്ടിടത്തിൽ ഇളനീർ വിൽപന ആരംഭിച്ചത്. ശനിയും ഞായറും ധാരാളം പേർ ഇവിടേക്ക് വരുന്നുണ്ട്. എങ്ങനെയെങ്കിലും ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് റസാഖ്.

ദുരന്തത്തിനു മുൻപ് ആളുകളും വാഹനങ്ങളും നിറഞ്ഞിരുന്ന ചൂരൽമല ടൗണിൽ, ഇന്നു പ്രതീക്ഷയുടെ നാമ്പുകളാണ് ഈ ചെറിയ കച്ചവടസ്ഥാപനങ്ങൾ. വൈദ്യുതി ഇല്ലാത്തത് പ്രതിസന്ധിയാണ്. സ്ഥലം കാണാനെത്തുന്നവരെ ചൂരൽമല ടൗണിൽ നിന്നാരംഭിക്കുന്ന ബെയ്‌ലി പാലം വരെ മാത്രമെ വിടുകയുള്ളൂ. പാലം കാണാനായി ആളുകളെത്തുന്നുണ്ട്. അവർ പാലത്തിലൂടെ നടന്ന് അക്കരയിലേക്ക് അൽപദൂരം പോകുന്നുണ്ട്. രണ്ടു പൊലീസുകാർ മാത്രമാണ് ഇപ്പോൾ ഇവിടെ ഡ്യൂട്ടിക്കുള്ളത്. നിയന്ത്രണങ്ങളും ഏറെക്കുറെ നീക്കി.

ഗുണഭോക്തൃ പട്ടിക ഉടൻ

വീടുകൾ നഷ്ടപ്പെട്ടവർ അടക്കമുള്ളവരുടെ ഗുണഭോക്തൃ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സ്പെഷൽ ഓഫിസർ ഡോ.ജെ.ഒ.അരുൺ പറഞ്ഞു. വീടുകളുടെ നിർമാണച്ചെലവു കണക്കാക്കാൻ ഊരാളുങ്കൽ സൊസൈറ്റിയോടു നിർദേശിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് വന്ന ശേഷമായിരിക്കും ഓരോ വീടിനും എത്ര ചെലവ് വരും എന്ന് അന്തിമ തീരുമാനത്തിലെത്തുക. 30 ലക്ഷം രൂപ എന്ന് ആദ്യം പറഞ്ഞത് ഡിഎസ്ആർ (ഡൽഹി ഷെഡ്യൂൾഡ് റേറ്റ്) പ്രകാരം പിഡബ്ല്യുഡി തയാറാക്കിയതാണ്. അത് അന്തിമമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച് സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി എത്രയും പെട്ടന്ന് ടൗൺഷിപ് നിർമാണം തുടങ്ങാനാണ് സർക്കാർ നീക്കം.

അതേസമയം, സന്നദ്ധ സംഘടനകൾ സ്ഥലം വാങ്ങി നിർമിച്ച വീടുകളിൽ ഒട്ടേറെപ്പേർ ഇതിനകം താമസം തുടങ്ങി. പല വീടുകളുടെയും നിർമാണം അന്തിമഘട്ടത്തിലാണ്. എന്നാൽ സർക്കാർ സ്ഥലം ഏറ്റെടുപ്പ് പോലും പൂർത്തിയാക്കാത്തതിൽ ദുരന്തബാധിതരിൽ ഭൂരിഭാഗവും നിരാശയിലാണ്. അടുത്ത മഴക്കാലത്തിന് മുമ്പ് സ്വന്തമായി തല ചായ്ക്കാനൊരിടം ഉണ്ടാകില്ലെന്ന സങ്കടത്തിലാണ് ഇവർ.

വാടകയുടെ കാര്യം എന്താകും?
ഉരുൾപൊട്ടൽ ബാധിതർ വാടകവീടുകളിലാണ് താമസിക്കുന്നത്. ആറു മാസത്തേക്ക് ഇവർക്കുള്ള വാടക നൽകുമെന്നാണ് സർക്കാർ നേരത്തേ അറിയിച്ചത്. ആറു മാസം കഴിഞ്ഞാൽ എന്തുചെയ്യുമെന്ന ആശങ്കയിലാണ് ഇവർ. ഭൂരിഭാഗം പേർക്കും ഇപ്പോഴും പണിക്കുപോകാൻ സാധിക്കുന്നില്ല. പലരും മാനസികപ്രശ്നങ്ങൾക്ക് അടക്കം മരുന്നുകൾ കഴിക്കുന്നുണ്ട്. വ്യക്തികളുടെയും സംഘടനകളുടെയും മറ്റും സഹായം കൊണ്ടാണ് പലരുടെയും ജീവിതം. വാടക കൂടി മുടങ്ങിയാൽ തെരുവിലേക്കിറങ്ങുകയല്ലാതെ വഴിയില്ല.
ഉണങ്ങാതെ മുറിവുകൾ
കൺമുന്നിൽ പ്രിയപ്പെട്ടവരെ നഷ്ടമായ മനുഷ്യർ ഏറെയുണ്ട് ഇവിടെ. അച്ഛനമ്മമാരെയും പങ്കാളികളെയും പിഞ്ചുമക്കളെയുമൊക്കെ ഉരുൾവെള്ളം മരണത്തിലേക്കു വലിച്ചെടുത്തുകൊണ്ടുപോകുന്നതു കണ്ടുനിൽക്കേണ്ടിവന്നവർ. വലിയ പരുക്കുകളോടെ ജീവിതത്തിലേക്കു തിരിച്ചുവന്ന അവരെ ഇപ്പോഴും നോവിക്കുന്നത് ശരീരത്തിന്റെ വേദനയല്ല, മനസ്സിനേറ്റ ഉണങ്ങാത്ത മുറിവുകളാണ്. ദുരന്തമുണ്ടാക്കിയ മാനസികാഘാതത്തിൽനിന്നു പലരും ഇതുവരെ മുക്തരായിട്ടില്ല. എസ്റ്റേറ്റ് തൊഴിലാളികൾക്കായി മാനേജ്മെന്റ് കൃത്യമായ ഇടവേളകളിൽ കൗൺസിലിങ് നൽകുന്നുണ്ട്. ചിലർ ഇപ്പോഴും മരുന്നു കഴിക്കുന്നു. പരുക്കേറ്റ പലരും ഇപ്പോഴും ചികിത്സയിലാണ്.
ആദ്യഘട്ടത്തിൽ ചികിത്സയ്ക്ക് സർക്കാർ പണം അനുവദിച്ചെങ്കിലും പിന്നീട് അതു നിലച്ചു. പലർക്കും മരുന്നിനുൾപ്പെടെ വലിയ തുക വേണം. മനസ്സിനെ ബാധിച്ച ശൂന്യതയിൽനിന്നു കരകയറാനാകാതെ നിൽക്കുകയാണ് ഭൂരിഭാഗം പേരും. ചിരിക്കാൻ പോലും മറന്ന മനുഷ്യർ. ഇവർക്കു മുന്നിൽ ഭൂമിയിലെ ഏറ്റവും മനോഹരമായ ആശ്വാസവാക്കു പോലും അർഥശൂന്യമാകുന്നു. ഇവരുടെ മനസ്സും ജീവിതവും തെളിയാൻ സർക്കാരും ജനങ്ങളും കൂടെ നിൽക്കുകതന്നെ വേണം.