ബ്ലോഗർമാരുടെ കാലാവസ്ഥാ പ്രവചനം പ്രശസ്തിക്കെന്ന് എസ്.ബാലചന്ദ്രൻ; മറുപടിയുമായി ‘തമിഴ്നാട് വെതർമാൻ’

Mail This Article
ചെന്നൈ ∙ കാലാവസ്ഥാ ബ്ലോഗർമാർ പ്രശസ്തിക്കുവേണ്ടി മാത്രമാണ് കാലാവസ്ഥാ പ്രവചനം നടത്തുന്നതെന്നും അവർക്ക് ശ്രദ്ധ കൊടുക്കേണ്ട ആവശ്യമില്ലെന്നും ചെന്നൈയിലെ മേഖലാ കാലാവസ്ഥാ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ജനറൽ എസ്.ബാലചന്ദ്രൻ. നഗരത്തിലെ കോളജിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെയാണ് ബാലചന്ദ്രന്റെ വിവാദ പരാമർശം.
പരാമർശത്തിനെതിരെ പ്രതികരണവുമായി പ്രമുഖ കാലാവസ്ഥാ ബ്ലോഗർ പ്രദീപ് ജോൺ അടക്കമുള്ളവർ രംഗത്തെത്തി. കാലാവസ്ഥാ മാതൃകകൾ സംബന്ധിച്ച് മനസ്സിലാകുന്ന തരത്തിൽ വ്യാഖ്യാനങ്ങൾ നൽകുക മാത്രമാണ് ബ്ലോഗർമാർ ചെയ്യുന്നതെന്ന് ‘തമിഴ്നാട് വെതർമാൻ’ എന്നറിയപ്പെടുന്ന പ്രദീപ് ജോൺ പറഞ്ഞു. 2024ലെ ഫെയ്ഞ്ചൽ ചുഴലിക്കാറ്റും 2023ൽ തെക്കൻ തമിഴ്നാട്ടിലുണ്ടായ പ്രളയവും പ്രവചിക്കുന്നതിൽ കാലാവസ്ഥാ വിഭാഗം പരാജയപ്പെട്ടതിൽ അന്വേഷണം ആവശ്യപ്പെടണമെന്നും പ്രദീപ് പറഞ്ഞു.