‘കൊല്ലാൻ ഉൾവിളി തോന്നി’; അടിമുടി ദുരൂഹത, പൊലീസിനെ കുഴക്കി ഹരികുമാർ, കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നു

Mail This Article
തിരുവനന്തപുരം∙ ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദു കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയും കുട്ടിയുടെ മാതൃ സഹോദരനുമായ ഹരികുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ സബ് ജയിലിലേക്ക് കൊണ്ടുപോകും. പൊലീസ് നാളെ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. കുട്ടിയെ കൊലപ്പെടുത്തിയെന്ന് ഹരി കുമാർ സമ്മതിച്ചിട്ടുണ്ടെങ്കിലും കൊലപാതക കാരണം കണ്ടുപിടിക്കാനാകാതെ കുഴങ്ങുകയാണ് പൊലീസ്. ഹരികുമാർ ഇടയ്ക്കിടെ മൊഴി മാറ്റുന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. കുട്ടിയെ കൊല്ലണമെന്ന് ഉൾവിളി തോന്നിയതോടെയാണ് കുറ്റം നടത്തിയതെന്നാണ് ഇന്ന് ഹരികുമാർ പൊലീസിനു നൽകിയ മൊഴി. കൊല്ലാൻ തോന്നിയപ്പോൾ കൊന്നു എന്നാണ് ഹരി കുമാർ പറയുന്നത്. പ്രതി ചില സമയങ്ങളിൽ മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്ന് റൂറൽ എസ്‌പി കെ.എസ്.സുദർശൻ പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ അമ്മയെ റൂറൽ എസ്പി ചോദ്യം ചെയ്യുകയാണ്.
അതേസമയം, പ്രതിയുടെ കുടുംബവുമായി ബന്ധമുള്ള ജ്യോത്സ്യൻ ദേവീദാസനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവുമായി മതപരമായ വിഷയങ്ങളില്‍ ഉള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ശ്രീതു സ്ഥലം വാങ്ങാനായി 30 ലക്ഷം രൂപ ഗുരുവായ മന്ത്രവാദിക്കു നല്‍കിയെന്നും ഈ പണം തട്ടിച്ചതായി പേട്ട സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിൽ വ്യക്തത വരുത്താനും കൂടിയായിരുന്നു ചോദ്യംചെയ്യൽ.
ഹരി കുമാറും കുട്ടിയുടെ അമ്മ ശ്രീതുവും തമ്മിലുള്ള ബന്ധവും പൊലീസിനെ വലയ്ക്കുന്നുണ്ട്. തൊട്ടടുത്ത മുറികളിൽ താമസിക്കുന്ന ഇവർ വാട്സാപ്പിൽ വിഡിയോ കോളുകൾ ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് ഇവരുടെ ബന്ധത്തെക്കുറിച്ച് പൊലീസിൽ സംശയമുണർത്തിയത്. ഹരികുമാർ ശ്രീതുവിനോട് വഴിവിട്ട അടുപ്പം കാണിച്ചിരുന്നെന്നാണ് സൂചന. ശ്രീതു ഇതിനോട് വഴങ്ങാത്തതിലുള്ള വൈരാഗ്യത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി ആദ്യം പൊലീസിനോട് മൊഴി നൽകിയത്. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടെല്ലാം പരസ്പര വിരുദ്ധമായ മൊഴിയാണ് ഹരി കുമാർ നൽകുന്നത്. ചില ഘട്ടങ്ങളിൽ പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു.