‘ലീഗിന്റെ കാര്യങ്ങൾ നിയന്ത്രിക്കാൻ പറ്റുന്ന തലത്തിലേക്ക് എസ്‍ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും എത്തി’

Mail This Article
വടകര ∙ മുസ്‌ലിം ലീഗിന്റെ കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്ന തലത്തിൽ എസ്‍ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും എത്തി നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് ഇത്തരം കാര്യങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ഭൂരിപക്ഷം വരുന്ന സുന്നി വിഭാഗം ജമാഅത്തെ ഇസ്‌ലാമിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പാലക്കാട് യുഡിഎഫ് ജയിച്ചപ്പോൾ ആദ്യം ആഘോഷിച്ചത് എസ്ഡിപിഐയാണ്. പിഎഫ്ഐയുമായി ഒരു ബന്ധവുമില്ലാത്തവരാണോ എസ്ഡിപിഐ?. വർഗീയതയായാലും വോട്ട് കിട്ടട്ടെ എന്നതാണ് ഇപ്പോൾ പ്രധാനം എന്ന നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യം മതാധിഷ്ഠിതമാകണമെന്നാണ് ജമാ അത്തെ ഇസ്‌ലാമിയും ആഗ്രഹിച്ചത്. വർഗീയതയ്ക്ക് മാന്യത കൽപിച്ചുകൊടുക്കാൻ ചിലർ ശ്രമിക്കുന്നു. മതനിരപേക്ഷതയ്ക്ക് വലിയ പോറൽ ഏൽപിക്കുന്നു. സിപിഎം മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ടു. പല ഘട്ടത്തിലും സംഘപരിവാറിനോട് ആഭിമുഖ്യം കാണിക്കുന്ന നിലപാട് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. വർഗീയതയുമായി സമരസപ്പെടാൻ അവർ ശ്രമിച്ചു.
ബാബറി മസ്ജിദ് തകർത്ത സംഭവം രാജ്യത്തെ മതനിരപേക്ഷതയ്ക്കേറ്റ മുറിവാണ്. രാമക്ഷേത്ര നിർമാണവുമായി ബിജെപി മുന്നോട്ട് പോയി. അപ്പോൾ, നിങ്ങൾക്കതിൽ അവകാശപ്പെടാൻ ഒന്നുമില്ല. ഇതിന്റെ മൂലകാരണക്കാരൻ രാജീവ് ഗാന്ധിയാണ്. അതിന്റെ ക്രെഡിറ്റ് ഞങ്ങൾക്കാണ് എന്നാണ് കോൺഗ്രസ് പറഞ്ഞത്. വർഗീയതയുടെ ആടയാഭരണങ്ങൾ കോൺഗ്രസ് എടുത്തണിയുന്നു. പശുവിനെ ഗോമാതാവായി കണക്കാക്കിയത് ഞങ്ങളാണ് എന്ന് പ്രഖ്യാപിച്ചത് കോൺഗ്രസാണ്. കോൺഗ്രസ് വർഗീയതയ്ക്ക് മാന്യത കൽപിച്ചു.
2016ൽ എൽഡിഎഫ് വന്നില്ലായിരുന്നെങ്കിൽ ദേശീയ പാത ഈ നിലയിലാകുമോ? അത് തടയാനും ചിലർ ശ്രമിക്കുന്നുണ്ട്. 900 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി മുഖേന ഏറ്റെടുത്തത്. അതു തടയാനാണ് കേന്ദ്രം ശ്രമിച്ചത്. ആവശ്യമായ മാറ്റം കൊണ്ടുവന്ന് കിഫ്ബിയെ നിലനിർത്തും. രാജ്യത്തെ ഏറ്റവും നല്ല നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റി. സ്ത്രീ സുരക്ഷ ഏറ്റവും ഭദ്രമായത് കേരളത്തിലാണെന്ന് അർഥശങ്കയ്ക്കിടയില്ലാതെ പറയാൻ സാധിക്കും. ക്രമസമാധാനം ഏറ്റവും നല്ലനിലയിലുള്ള സംസ്ഥാനമാണ് കേരളം. യുഡിഎഫുകാർ ഒന്നുമില്ലാഞ്ഞിട്ട് തന്നെ ആകാശത്ത് തമ്മിലടിച്ചുകൊണ്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു.