‘ആണുങ്ങളോടു കരുണ കാണിക്കണം, കേസിന്റെ വേദന നടി അറിയണം; ഞാൻ വാദിക്കും’

Mail This Article
കോഴിക്കോട് ∙ തനിക്കെതിരെ വ്യാജ കേസ് നൽകിയ നടിക്കെതിരെ മാനനഷ്ടത്തിനു വക്കീല്‍ നോട്ടിസ് അയയ്ക്കുമെന്നു രാഹുല്‍ ഈശ്വര്‍. വ്യാജ കേസ് വരുന്നതിന്റെ വേദന എന്താണെന്നു നടി അറിയണമെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസുമായി ഏതറ്റം വരെയും പോകും. എനിക്കു വേണ്ടി ഞാൻ തന്നെ വാദിക്കുമെന്നും രാഹുല്‍ പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. നടി നൽകിയ പുതിയ പരാതിയിലാണ് ബിഎൻഎസ് 79, ഐടി ആക്ട് 67 പ്രകാരം എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. 3 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. നേരത്തേ നടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല.
‘‘പൊലീസ് കഴമ്പില്ലെന്നു പറഞ്ഞ കാര്യത്തിലാണു കേസ് എടുത്തത്. നിയമം ദുരുപയോഗം ചെയ്യുകയാണ്. പുരുഷനെതിരെ കേസ് എടുക്കുന്നതാണ് പുരോഗമനം എന്നാണു ചിലർ കരുതുന്നത്. മാധ്യമങ്ങൾ ആണുങ്ങളോടു കരുണ കാണിക്കണം. നടിയോട് ബഹുമാനപൂർവമായി മാത്രമേ പെരുമാറിയിട്ടുള്ളൂ. പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുരുഷ കമ്മിഷന്‍ വേണം.
നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ വന്നതു വ്യാജ പോക്‌സോ കേസാണ്. കുടുംബ തര്‍ക്കമാണു കാരണം. ഒരു പുരുഷനു താന്‍ നിരപരാധിയാണെന്നു പറയാന്‍ പോലും ധൈര്യം ഇല്ലാത്ത സാഹചര്യമാണുള്ളത്’’– രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യയും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവർ എത്തിയില്ല.