രാത്രിയിൽ ഡിഎംകെ കൊടി കെട്ടിയ കാറിലെത്തി യുവതികളുടെ കാർ തടഞ്ഞു: 4 പേർ അറസ്റ്റിൽ

Mail This Article
ചെന്നൈ ∙ ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ (ഇസിആർ) യാത്ര ചെയ്ത യുവതികളുടെ കാർ തടഞ്ഞ സംഭവത്തിൽ 4 പേർ അറസ്റ്റിൽ. ആകെയുള്ള 7 പ്രതികളിൽ ബാക്കി 3 പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കൂട്ടത്തിൽ 6 പേരും കോളജ് വിദ്യാർഥികളാണെന്നും പള്ളിക്കരണ ഡിസിപി എ.സി.കാർത്തികേയൻ പറഞ്ഞു. യുവാക്കൾ ഉപയോഗിച്ച 2 വാഹനങ്ങൾ പിടിച്ചെടുത്തതായും അറിയിച്ചു.
ഇസിആർ മുട്ടുകാട് പാലത്തിനു സമീപം കഴിഞ്ഞ 26നു രാത്രിയാണ് ഡിഎംകെ കൊടി കെട്ടിയ കാറിലും മറ്റൊരു കാറിലും എത്തിയ യുവാക്കൾ യുവതികളുടെ കാർ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പ്രതികൾക്കു രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും ടോൾ പ്ലാസകളെ കബളിപ്പിക്കാൻ വേണ്ടിയാണ് ഒരു കാറിൽ ഡിഎംകെ കൊടി സ്ഥാപിച്ചതെന്നും ഡിസിപി പറഞ്ഞു.
പരാതി ലഭിച്ചിട്ടും പെട്ടെന്നു നടപടിയെടുത്തില്ലെന്ന ആരോപണം പൊലീസ് നിഷേധിച്ചു. ഫോണിലൂടെ പരാതി ലഭിച്ച് 10 മിനിറ്റിനകം സംഭവസ്ഥലത്ത് പട്രോളിങ് വാഹനം എത്തിയെന്നും തുടർന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും ഡിസിപി പറഞ്ഞു.