ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ നീതിക്കായി പോരാടി; സാകിയ ജാഫ്രി അന്തരിച്ചു

Mail This Article
അഹമ്മദാബാദ് ∙ ഗുജറാത്ത് കലാപത്തിലെ ഇരകൾക്കു വേണ്ടി പോരാടിയ അതിജീവിത സാകിയ ജാഫ്രി (86) അന്തരിച്ചു. കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് മുൻ എംപി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യയാണ്. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ആണ് മരണവാര്‍ത്ത എക്സിൽ പങ്കുവച്ചത്.
2002 ഫെബ്രുവരി 28നാണ് അഹമ്മദാബാദ് നഗരത്തിലെ ഗുല്‍ബര്‍ഗ് ഹൗസിങ് കോളനിയില്‍ ആക്രമിച്ച് കയറിയ ജനക്കൂട്ടം ഇസ്ഹാന്‍ ജാഫ്രിയെ വധിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയോട് ഇഹ്സാൻ നേരിട്ട് ഫോണില്‍ വിളിച്ചു സഹായം അഭ്യർഥിച്ചിട്ടും സഹായിച്ചില്ല എന്നായിരുന്നു സാകിയ ജാഫ്രിയുടെയും കുടുംബത്തിന്റേയും ആരോപണം.
2006 മുതല്‍ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ നീതിക്കായുള്ള പോരാട്ടത്തിലായിരുന്നു സാകിയ ജാഫ്രി. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്കും മറ്റു ഉന്നതര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം സാകിയ കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് സുപ്രീം കോടതി തള്ളിയിരുന്നു.