‘4000 കോടി പോലും കിട്ടുമെന്നു കരുതാനാവില്ല; കേന്ദ്രബജറ്റില്‍ പറയുന്ന പലതും കേരളം നടപ്പാക്കി’

Mail This Article
തിരുവനന്തപുരം ∙ കേന്ദ്ര ബജറ്റില്‍ സംസ്ഥാന സര്‍ക്കാരുകളോടു തുല്യനീതി ഇല്ലെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. രാഷ്ട്രീയമായി താല്‍പര്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുകയും അല്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്ന സ്വഭാവം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. കേരളത്തിനു നല്ല പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാല്‍ മുണ്ടക്കൈ, ചൂരല്‍മല സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെ ഒരു കാര്യത്തെപ്പറ്റിയും പറഞ്ഞിട്ടില്ല.
നിക്ഷേപം, കയറ്റുമതി, വികസനം എന്നിവയെപ്പറ്റിയാണു കേന്ദ്രമന്ത്രി ദീര്‍ഘമായി പറയുന്നത്. കഴിഞ്ഞ 2 ദശാബ്ദത്തിനുള്ളില്‍ കേരളത്തില്‍ ഉണ്ടായ ഏറ്റവും വലിയ കയറ്റുമതി പ്രോത്സാഹന പദ്ധതിയാണു വിഴിഞ്ഞം തുറമുഖം. എന്നാല്‍ അതിനെപ്പറ്റി ഒരു പരാമര്‍ശവും ബജറ്റിലില്ല. പണവും നല്‍കിയിട്ടില്ല. പ്രധാനപ്പെട്ട ഒരു സ്ഥാപനവും കേരളത്തില്‍ അനുവദിച്ചില്ല. കേരളത്തോടുള്ള ബജറ്റ് സമീപനം അങ്ങേയറ്റം നിരാശാജനകമാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനവിഹിതമായ 73000 കോടി രൂപ നമുക്ക് കിട്ടേണ്ടതാണ്. എന്നാല്‍ എല്ലാം കൂടി കിട്ടിയത് 32000 കോടി രൂപയാണ്. ഇത്തവണത്തെ കണക്കനുസരിച്ച് 14000 കോടിയിലധികം കഴിഞ്ഞ തവണത്തെക്കാള്‍ അധികം ലഭിക്കേണ്ടതാണ്. എന്നാല്‍ 4000 കോടി പോലും കിട്ടുമെന്നു കരുതാനാവില്ല.
ബിഹാറിനെയും ഡല്‍ഹിയെയും പരിഗണിക്കുമ്പോള്‍ വയനാട് ഉരുൾപൊട്ടൽ പോലെയുള്ള സംഭവത്തിനും വിഴിഞ്ഞം പോലെയുള്ള പദ്ധതിക്കും പ്രത്യേക പരിഗണന നല്‍കേണ്ടതായിരുന്നു. അതുണ്ടാകാതിരുന്നതു പ്രതിഷേധാര്‍ഹമാണ്. പല കാര്യങ്ങളിലും കേരളം മുന്നിലാണെന്നു സാമ്പത്തിക സര്‍വേയില്‍ പറയുന്നു. എന്നാല്‍ അതിന് അനുസരിച്ചുള്ള നേട്ടം സംസ്ഥാനത്തിനു ലഭിക്കുന്നില്ല. കേന്ദ്രബജറ്റില്‍ പറയുന്ന പല കാര്യങ്ങളും കേരളം നടപ്പാക്കിക്കഴിഞ്ഞു. അതുകൊണ്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് അനുവദിക്കുന്ന തുക കേരളത്തിനു ലഭിക്കില്ല. കാര്‍ഷിക മേഖലയില്‍ സബ്‌സിഡി വെട്ടിച്ചുരുക്കിയതു തിരിച്ചടിയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ തുകയില്‍ ഒരു വര്‍ധനവും വരുത്തിയിട്ടില്ല. വിള ഇന്‍ഷുറന്‍സ് തുകയും കുറച്ചെന്നു മന്ത്രി പറഞ്ഞു.