ADVERTISEMENT

കൊച്ചി ∙ ഹോംസ്റ്റേകൾക്കു മുദ്ര വായ്പ അനുവദിക്കാനുള്ള ബജറ്റ് തീരുമാനത്തിനു കയ്യടിച്ച് ടൂറിസം മേഖല. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിൽ വലിയ മാറ്റത്തിനു വഴിതെളിക്കുന്നതാണ് ഈ തീരുമാനമെന്ന് ഹോംസ്റ്റേകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ പറയുന്നു. നിലവിൽ ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ ലഭിച്ച 965–1000 ഹോംസ്റ്റേകള്‍ ഉൾപ്പെടെ 6,000 ത്തിനടുത്ത് ഹോംസ്റ്റേകളാണ് സംസ്ഥാനത്തുള്ളത്.

ടൂറിസം മേഖലയിലൂടെ തൊഴിലധിഷ്ഠിത വളർച്ച ഉറപ്പാക്കുമെന്നാണു ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി രാജ്യത്തെ 50 ടൂറിസം കേന്ദ്രങ്ങൾ സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കും. ഇതിനൊപ്പമാണ് ഹോംസ്റ്റേകൾക്ക് മുദ്ര ലോൺ അനുവദിക്കാനുള്ള തീരുമാനവും മന്ത്രി പ്രഖ്യാപിച്ചത്. ‘വളരെ പോസിറ്റീവ് ആയ പ്രഖ്യാപനം’ എന്നാണ് കേരള ഹോംസ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി (കെ–ഹാറ്റ്സ്) ഡയറക്ടറും ടൂറിസം ഉപദേശക സമിതി അംഗവുമായ എം.പി.ശിവദത്തൻ പ്രതികരിച്ചത്.

‘‘ടൂറിസം മേഖലയുടെ മുഖം മാറ്റുന്ന പ്രഖ്യാപനമാണിത്. ഒട്ടേറെ ചെറുപ്പക്കാർ ഹോംസ്റ്റേ മേഖലയിലേക്ക് കടന്നുവരും. കേരള ടൂറിസത്തിന്റെ മുഖമുദ്രയായി ഇനി ഹോംസ്റ്റേകൾ മാറും. ഈടില്ലാതെ 20 ലക്ഷം വരെ വായ്പ ലഭിച്ചാൽ നല്ല രീതിയിൽ ഹോംസ്റ്റേ നടത്താം. നടത്തിപ്പുകാർക്കു പരിശീലനവും നൽകണം. ഹോംസ്റ്റേകളെ ആരും ഇതുവരെ കാര്യമായി പരിഗണിക്കാത്തിടത്താണ് ഇത്തവണ കേന്ദ്ര ബജറ്റിൽ ഇടംപിടിച്ചത്’’ – ശിവദത്തൻ പറഞ്ഞു.

അതേസമയം, ഹോംസ്റ്റേ മേഖലയിൽ തിരുത്തപ്പെടേണ്ട പല കാര്യങ്ങളിലും ഇന്നും മാറ്റമുണ്ടാകുന്നില്ലെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇതിൽ പ്രധാനം ഹോംസ്റ്റേയുടെ ക്ലാസിഫിക്കേഷന്റെ അപേക്ഷാ നടപടികളുടെ സങ്കീർണതയും അതോടൊപ്പം അംഗീകാരമില്ലാത്ത ഹോംസ്റ്റേകൾ വർധിക്കുന്നതുമാണ്. ഹോംസ്റ്റേ ക്ലാസിഫിക്കേഷന് 8 രേഖകൾ സമർപ്പിക്കേണ്ടതിൽ 4 എണ്ണം ഓൺലൈൻ വഴി സമര്‍പ്പിക്കാൻ ഇപ്പോൾ അവസരമുണ്ട്. അതേസമയം, ഏറ്റവും ബുദ്ധിമുട്ടേറിയ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റിനു പകരം റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ അടിസ്ഥാനത്തിൽ അപേക്ഷ സ്വീകരിക്കാം എന്നു കഴിഞ്ഞ നവംബറിൽ ടൂറിസം വകുപ്പ് തീരുമാനിച്ചെങ്കിലും ഇതുവരെ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.

ആയിരത്തിനടുത്ത് ഹോംസ്റ്റേകൾ, 180ഓളം സർവീസ്ഡ് വില്ലകൾ, ഹെറിറ്റേജ് ഫാം, ഹോംസ്റ്റെഡ് ഫാം, ടെന്റ് സ്റ്റേ ഉൾപ്പെടെ ഇത്തരം 1700 ഓളം സംരംഭങ്ങൾക്കാണ് സംസ്ഥാനത്ത് ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ളത്. സിൽവർ, ഗോൾഡ്, ഗോൾഡ് പ്രീമിയം, ഡയമണ്ട് വിഭാഗങ്ങളിലാണ് ഇവയുടെ ക്ലാസിഫിക്കേഷൻ. ഇതിൽ 1000–2500 രൂപ ദിവസ വാടക വരുന്നതിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് ശിവദത്തൻ പറഞ്ഞു. ഡിസംബറിലും ജനുവരിയിലും സംസ്ഥാനത്തെ മിക്ക ഹോംസ്റ്റേകളും ആഭ്യന്തര വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു. ബജറ്റ് പ്രഖ്യാപനത്തോടെ മലയോര മേഖലയില്‍ കൂടുതൽ ഹോംസ്റ്റേകൾ വരുമെന്നാണ് പ്രതീക്ഷ.

English Summary:

Kerala Homestays Get Mudra Loan Boost: A Tourism Revolution?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com