ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര ബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല. വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച് നിർമാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

‘‘25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവയ്ക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ ശിക്ഷിക്കുകയാണ്. പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാല്‍, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ ? അതുമില്ല. വായ്പാപരിധിയുടെ കാര്യത്തിലടക്കം കേരളം മുൻപോട്ടു വച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ല. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവിലയില്ല. റബ്ബര്‍-നെല്ല്-നാളികേര കൃഷികള്‍ക്ക് പരിഗണനയില്ല. അവയ്ക്കായി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരമില്ല. റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കില്ല. കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി കേന്ദ്ര പൊതുബജറ്റ്. അങ്ങേയറ്റം നിരാശാജനകമാണിത്, ദൗര്‍ഭാഗ്യകരമാണിത്. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാല്‍, തിരഞ്ഞടുപ്പ് എവിടെ എന്നു നോക്കി അവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റില്‍ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കല്‍പ്പത്തെതന്നെ ഇത് അട്ടിമറിക്കും’’ – മുഖ്യമന്ത്രി പറഞ്ഞു. 

ഒബിസി, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങള്‍ക്കോ കര്‍ഷക-കര്‍ഷകത്തൊഴിലാളി മേഖലകള്‍ക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ലഭിക്കുന്നില്ല. കാര്‍ഷിക- വ്യവസായ രംഗങ്ങള്‍ക്കു വേണ്ട തോതിലുള്ള പരിഗണനകളില്ല എന്നു മാത്രമല്ല, കാര്‍ഷിക മേഖലയിലെ നാനാതരം സബ്‌സിഡികള്‍ വെട്ടിക്കുറച്ചു. തൊഴിലുറപ്പു പദ്ധതി പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ആശ്വാസകരമായിരുന്നു. അതിനുപോലും അര്‍ഹമായ വിഹിതം ബജറ്റ് നീക്കിവയ്ക്കുന്നില്ല. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താൽപര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനമെന്നും മുഖ്യന്ത്രി പറഞ്ഞു.

English Summary:

Pinarayi Vijayan criticizes Union Budget 2025; Kerala's key demands including a special package and Vizhinjam Port development were ignored, leading to the Chief Minister accusing the central government of a partisan approach that harms Kerala’s development.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com