‘പി.പി.ദിവ്യയുടേത് ഒരിക്കലും ന്യായീകരിക്കാനാകാത്ത നടപടി’; സിപിഎം സമ്മേളനത്തിൽ വിമർശനം

Mail This Article
കണ്ണൂർ ∙ ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റായ പരാമർശമാണു പി.പി.ദിവ്യ കണ്ണൂർ എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിൽ നടത്തിയതെന്ന് സിപിഎം. ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി എം.വി.ജയരാജൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽനിന്നു ചിലരെ ഒഴിവാക്കേണ്ടിവന്ന സാഹചര്യം പരാമർശിക്കുന്നതിനൊപ്പമാണു ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വിലയിരുത്തിയിരിക്കുന്നത്.
എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിൽ നടത്തിയ പ്രസംഗത്തിലെ, ഒരിക്കലും ന്യായീകരിക്കാനാകാത്ത തെറ്റായ പരാമർശത്തെത്തുടർന്ന് പി.പി.ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാർട്ടി ജില്ലാ കമ്മിറ്റിയിൽനിന്നും ഒഴിവാക്കാൻ തീരുമാനിക്കുകയുണ്ടായി. ഈ അച്ചടക്ക നടപടിക്കു സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടിലെ പരാമർശം.
പി.പി.ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ പറഞ്ഞത് അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമർശനം മാത്രമാണെന്നും അത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതാണെന്നുമായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിന്റെ ആദ്യ വിലയിരുത്തൽ. ദിവ്യയ്ക്കെതിരായ അച്ചടക്കനടപടി ജില്ലാ സമ്മേളന റിപ്പോർട്ടിന്റെ ഭാഗമായി വന്നതിനാൽ സമ്മേളന ചർച്ചയിലും ഈ വിഷയം ഉയരാം. പാർട്ടിയെ മറയാക്കി പ്രവർത്തിക്കുന്ന ക്വട്ടേഷൻ– മാഫിയ സംഘങ്ങൾക്കെതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചു ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവായ മനു തോമസിനെതിരായ നടപടിയെക്കുറിച്ചും റിപ്പോർട്ടിലുണ്ട്.
ജില്ലാ കമ്മിറ്റി അംഗമായ മനു തോമസ് മെംബർഷിപ് പോലും പുതുക്കാതെ അങ്ങേയറ്റം തെറ്റായ നിലപാടു സ്വീകരിക്കുകയാണുണ്ടായതെന്നു റിപ്പോർട്ടിൽ പറയുന്നു. പയ്യന്നൂരിലെ സംഘടനാ പ്രശ്നത്തെത്തുടർന്നു ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കിയ ടി.ഐ മധുസൂദനനെ പിന്നീട് സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയ കാര്യവും റിപ്പോർട്ടിലുണ്ട്.
വൈകിട്ടു നടന്ന ചർച്ചയിൽ, പാർട്ടിയെ അടിക്കടി പ്രതിസന്ധിയിലാക്കുന്ന ഇ.പി.ജയരാജന്റെ നിലപാടുകൾക്കെതിരെ വിമർശനമുയർന്നു. ഇ.പി.ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറിനെ കണ്ടതു ലോക്സഭാ തിരഞ്ഞെടുപ്പു ദിവസം വിവാദമായ പശ്ചാത്തലത്തിലാണു വിമർശനം. കേന്ദ്ര കമ്മിറ്റി അംഗത്തിനു ചേർന്ന തരത്തിലല്ല ഇ.പിയുടെ പ്രവർത്തനമെന്ന് അംഗങ്ങൾ വിമർശിച്ചു.
അനാവശ്യ വിവാദങ്ങളുണ്ടാക്കുന്ന നേതാക്കളുടെ നടപടി പാർട്ടിക്കു ഗുണം ചെയ്യില്ലെന്നും ഇത്തരം നേതാക്കളെ പാർട്ടി നിയന്ത്രിക്കണമെന്നും ആവശ്യമുയർന്നതായാണു വിവരം.