‘ശമ്പളം 2 ലക്ഷം; ഉന്നത ഉദ്യോഗസ്ഥ’; ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ശ്രീതുവിനെതിരെ 3 പേർ പരാതി നൽകി

Mail This Article
ബാലരാമപുരം ∙ 2 വയസ്സുകാരി ദേവേന്ദു കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെ തൊഴിൽ തട്ടിപ്പ് ആരോപണങ്ങളും. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തു ശ്രീതു പലരിൽ നിന്നും പണം വാങ്ങിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ദേവസ്വം ബോർഡിൽ താൽക്കാലിക ജീവനക്കാരിയായിരുന്ന ശ്രീതു താൻ ഉയർന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥയാണെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും താൻ വിചാരിച്ചാൽ ദേവസ്വം ബോർഡിൽ ജോലി ലഭിക്കുമെന്നും വാഗ്ദാനം നൽകി ശ്രീതു പണം തട്ടിയതായി മൂന്നുപേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരിൽനിന്ന് ഇന്നലെ പൊലീസ് മൊഴിയെടുത്തു.
പ്രദേശത്തെ സ്‌കൂളിലെ പിടിഎ അംഗങ്ങൾ ഉൾപ്പെടെ ഇവരുടെ കെണിയിൽപെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ഈ പണമെല്ലാം വീടുവച്ചു നൽകാനായി ജ്യോത്സ്യൻ ദേവീദാസന് കൈമാറിയെന്നാണ് ശ്രീതു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ശ്രീതുവിനെതിരെ ദേവീദാസനും പൊലീസിനു മൊഴി നൽകി. ആറേഴു മാസം മുൻപ് അവസാനമായി കാണുമ്പോൾ ഒപ്പമുണ്ടായിരുന്ന ഒരു പുരുഷനെ രണ്ടാം ഭർത്താവെന്നു പറഞ്ഞാണ് ശ്രീതു പരിചയപ്പെടുത്തിയത്. ആദ്യ ഭർത്താവുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് ഇല്ലെന്നും മറുപടി നൽകി. തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രീതു വന്നതെന്നും കുടുംബവുമായി സാമ്പത്തിക ഇടപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ദേവീദാസൻ മൊഴി നൽകി. ദേവീദാസന്റെയും ശ്രീതുവിന്റെയും ബാങ്ക് വിവരങ്ങളും ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധന നടത്തും.