വഴി തടഞ്ഞ് സമരവും സമ്മേളനവും: ഹൈക്കോടതിയിൽ സത്യവാങ്മൂലം; മാപ്പു ചോദിച്ച് ഐജി

Mail This Article
കൊച്ചി ∙ പാർട്ടി പ്രവർത്തകർ തിരുവനന്തപുരം വഞ്ചിയൂരിലും സെക്രട്ടേറിയറ്റിനു മുൻപിലും വഴി തടസ്സപ്പെടുത്തി സമ്മേളനവും സമരവും നടത്തിയ സംഭവത്തിൽ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച ഹൈക്കോടതിയോടു നിരുപാധികം മാപ്പ് അപേക്ഷിച്ച് ഐജി ജി.സ്പർജൻ കുമാർ സത്യവാങ്മൂലം ഫയൽ ചെയ്തു. വഞ്ചിയൂരിൽ സിപിഎമ്മും സെക്രട്ടേറിയറ്റിനു മുൻപിൽ സിപിഐയുടെ പോഷകസംഘടനയായ ജോയിന്റ് കൗൺസിലുമാണു വഴി തടസ്സപ്പെടുത്തിയത്. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം മുടക്കിയുള്ള പരിപാടികൾ തടയാൻ കഴിയാതിരുന്നത് അറിഞ്ഞുകൊണ്ടുള്ള വീഴ്ചയല്ലെന്നാണു സ്പർജൻ കുമാർ സത്യവാങ്മൂലത്തിൽ പറയുന്നത്.
സിപിഎം പാളയം ഏരിയ കമ്മിറ്റി വഞ്ചിയൂരിൽ റോഡ് തടസ്സപ്പെടുത്തി സമ്മേളനം നടത്തുന്നതു വിലക്കി വഞ്ചിയൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ നോട്ടിസ് നൽകിയിരുന്നു. പരിപാടി മറ്റൊരിടത്തേക്കു മാറ്റി ഹൈക്കോടതി ഉത്തരവു പാലിക്കണമെന്നും നോട്ടിസിൽ നിർദേശിച്ചിരുന്നു. ഇതു മറികടന്നാണു 500 പേർ സംഘടിച്ച സമ്മേളനം നടന്നത്. പരിപാടി തടയുന്നതു ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു പൊലീസിന്റെ നിലപാട്. വഞ്ചിയൂരിലെ സമ്മേളനത്തിൽ 22 പേരെ അറസ്റ്റ് ചെയ്തതടക്കമുളള നടപടികൾ സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. വേദിയിൽ നാടകം അവതരിപ്പിച്ച കെപിഎസിക്കും നോട്ടിസ് നൽകിയിരുന്നു. സെക്രട്ടേറിയറ്റിനു മുൻപിലെ ജോയിന്റ് കൗൺസിൽ സമരത്തിൽ സംഘടന ഭാരവാഹികളായ 10 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായും സത്യവാങ്മൂലത്തിലുണ്ട്. കോടതിയലക്ഷ്യ കേസിൽ ഈ മാസം 10നു നേരിട്ടു ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. മരട് സ്വദേശി എൻ.പ്രകാശ് ഫയൽ ചെയ്ത ഹർജിയിലാണു ഹൈക്കോടതിയുടെ നടപടി.