ജന്മാവകാശ പൗരത്വം അവസാനിപ്പിക്കൽ; യുഎസിലെ ഇന്ത്യൻ മാതാപിതാക്കളെ എങ്ങനെ ബാധിക്കും?

Mail This Article
അമേരിക്കയിൽ കുടിയേറി താമസിക്കുന്നവർക്കു നാട്ടിലേക്കു മടങ്ങേണ്ടി വരുമോ? അവിടെ ജനിക്കുന്നവർക്ക് ഇനി പൗരത്വം ലഭിക്കില്ലേ? എന്താണു ജന്മാവകാശ പൗരത്വം? ഡോണൾഡ് ട്രംപ് അധികാരമേറ്റെടുത്തതിനുശേഷം ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ആശങ്കകൾ പൗരത്വത്തെപ്പറ്റിയായിരുന്നു. സത്യപ്രതിജ്ഞയ്ക്കു തൊട്ടുപിന്നാലെ, ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നതിനുള്ള എക്സിക്യുട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചതാണ് ഏറെ ചർച്ചകൾക്കു കാരണമായത്. ബെർത് റൈറ്റ് സിറ്റിസൺഷിപ്പ് അഥവാ ജന്മാവകാശ പൗരത്വം യുഎസിലേക്കു കുടിയേറിയവരെയും അമേരിക്കക്കാർ അല്ലാത്തവരെയുമാണു ബാധിക്കുക. ഇന്ത്യക്കാരെയും ഇതു സാരമായി ബാധിക്കുമെന്നു ചുരുക്കം. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20 ആണ്.
‘‘ട്രംപിന്റെ പുതിയ കുടിയേറ്റ നയം ഇന്ത്യക്കാരെ, പ്രത്യേകിച്ചു നിയമവിരുദ്ധമായി യുഎസിൽ എത്തിയവരെ, തീർച്ചയായും ബാധിക്കും. അനധികൃതമായി കുടിയേറുന്നവരെയും വ്യാജ വിവാഹങ്ങളും മറ്റും വഴി യുഎസിലെത്തുന്നവരെയും തടയാനാണു പുതിയ നടപടി. നിയമവിരുദ്ധമായോ കുടിയേറ്റേതര വീസയിലോ യുഎസിൽ എത്തിയവരുടെ കുട്ടികളെയാണു ജന്മാവകാശ പൗരത്വം ലക്ഷ്യമിടുന്നത്. അതിനാൽ പുതിയ നിയമം എച്ച് 1 ബി വീസ ഉടമകളുടെ കുട്ടികളെയും ബാധിച്ചേക്കാം. അതേസമയം, വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആകർഷിക്കാൻ നിയമപരമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കാനും ട്രംപ് ആഗ്രഹിക്കുന്നു. അധികം വൈകാതെ ട്രംപിന്റെ പുതിയ നയത്തിന്റെ അനന്തരഫലങ്ങൾ നമുക്കു കാണാൻ കഴിയും. കുടിയേറ്റത്തെ അനുകൂലിക്കുന്നവരിൽനിന്ന് പ്രസിഡന്റ് കടുത്ത എതിർപ്പ് നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്’’ - ന്യൂയോർക്കിൽ താമസമാക്കിയ ജോർജ് തോമസ് മനോരമ ഓൺലൈനോടു പറഞ്ഞു.
∙ എന്താണ് ജന്മാവകാശ പൗരത്വം?
മാതാപിതാക്കളുടെ പൗരത്വമോ ദേശീയതയോ ഇമിഗ്രേഷൻ നിലയോ പരിഗണിക്കാതെ, അമേരിക്കയിൽ ജനിച്ച ആർക്കും സ്വാഭാവികമായി അമേരിക്കൻ പൗരത്വം ലഭിക്കും എന്നതാണ് ജന്മാവകാശ പൗരത്വം. അമേരിക്കൻ ഭരണഘടനയുടെ 14ാം ഭേദഗതിയിലാണ് ഇത് ഉറപ്പു നൽകുന്നത്. 1868 ലാണ് ഈ വ്യവസ്ഥ നിലവിൽ വന്നത്. യുഎസിൽ ജനിച്ച എല്ലാ വ്യക്തികൾക്കും പൗരത്വം നൽകുന്നതിനാണ് ഇതു രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ഭേദഗതി പ്രകാരം ‘‘യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ ജനിച്ചവരോ അതിന്റെ അധികാരപരിധിക്കു വിധേയരായവരോ ആയ എല്ലാ വ്യക്തികളും അമേരിക്കൻ ഐക്യനാടുകളിലെ പൗരന്മാരാണ്.’’
∙ ഉത്തരവിൽ പറയുന്നത് എന്താണ്?
യുഎസ് പൗരന്മാരല്ലാത്ത മാതാപിതാക്കൾക്ക് യുഎസിൽ വച്ചു ജനിക്കുന്ന കുട്ടികൾക്കു സ്വാഭാവികമായി ലഭിക്കുന്ന പൗരത്വം നിർത്തലാക്കുന്നതാണു പുതിയ ഉത്തരവ്. യുഎസിൽ ജനിക്കുന്ന കുട്ടിക്കു പൗരത്വം ലഭിക്കണമെങ്കിൽ കുട്ടിയുടെ മാതാപിതാക്കളിൽ ഒരാളെങ്കിലും യുഎസ് പൗരനോ നിയമപരമായ സ്ഥിര താമസക്കാരനോ (ഗ്രീൻ കാർഡ് ഹോൾഡർ) യുഎസ് സൈന്യത്തിലെ അംഗമോ ആയിരിക്കണം.
∙ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കൽ യുഎസിലെ ഇന്ത്യൻ മാതാപിതാക്കളെ എങ്ങനെ ബാധിക്കും?
‘‘നിയമപ്രകാരം അംഗീകരിക്കപ്പെട്ടാൽ, 2025 ഫെബ്രുവരി 19നോ അതിനുശേഷമോ, ഒരു യുഎസ് പൗരനോ നിയമപരമായി സ്ഥിരതാമസക്കാരായ മാതാപിതാക്കൾക്കോ അല്ലാതെ യുഎസിൽ ജനിക്കുന്ന കുട്ടികളെ മാത്രമേ നിരോധനം ബാധിക്കുകയുള്ളൂ. ജോലി വീസ, സ്റ്റുഡന്റ് വീസ, ടൂറിസ്റ്റ് വീസ എന്നിവയിൽ രാജ്യത്ത് താൽക്കാലികമായി കഴിയുന്ന അമ്മമാരുടെ കുട്ടികൾക്കു ലഭിക്കുന്ന പൗരത്വവും നിഷേധിക്കപ്പെടും. ജന്മാവകാശ പൗരത്വം നിഷേധിക്കപ്പെടുന്ന കുട്ടികൾക്ക്, പൗരത്വം ആവശ്യമുള്ള ജോലികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല. അവരുടെ കോളജ് ട്യൂഷൻ ഫീസ് കൂടുതലായിരിക്കും. ഇതൊക്കെയാണു ദീർഘകാല പ്രത്യാഘാതം. എച്ച്1 വീസയിൽ യുഎസിലുള്ള ആളുകൾ, പ്രത്യേകിച്ചു വിവാഹം കഴിക്കാൻ ഉടനടി പദ്ധതിയിടുന്നവരും മാതാപിതാക്കളാകാൻ ഒരുങ്ങുന്നവരും അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരായിരിക്കും. ഇതു വ്യക്തികളിലും അവരുടെ കുടുംബങ്ങളിലും ഉത്കണ്ഠ സൃഷ്ടിച്ചേക്കാം’’ - പെൻസിൽവേനിയയിൽനിന്ന് ഉമ്മൻ കാപ്പിൽ മനോരമ ഓൺലൈനോടു പറഞ്ഞു.
∙ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ഇന്ത്യൻ– അമേരിക്കൻ കുട്ടികൾക്ക് ഇതുവരെ ലഭിച്ചിരുന്ന അവകാശങ്ങൾ ഇനിയും ലഭിക്കുമോ?
യുഎസിൽ വച്ചു കുട്ടി ജനിച്ചാൽ അതു മാതാപിതാക്കൾക്കു സുരക്ഷിതത്വബോധം നൽകും. കാരണം അവരുടെ കുട്ടി ഒരു യുഎസ് പൗരനാണ്. അതിന്റെ എല്ലാ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും അർഹനുമാണ്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യുഎസ് പൗരന്മാരായതിനാൽ, ഈ കുട്ടികൾക്ക് 21 വയസ്സ് തികയുമ്പോൾ നിയമപരമായ സ്ഥിരതാമസത്തിനായി അവരുടെ മാതാപിതാക്കളെ സ്പോൺസർ ചെയ്യാനും കഴിയും. എന്നാൽ ഇതൊക്കെ ഫെബ്രുവരി 19ന് അവസാനിക്കും.
ഫെബ്രുവരി 19ന് ശേഷം എച്ച് 1 വീസയിലോ ടൂറിസ്റ്റ് വീസയിലോ യുഎസിൽ ഉള്ളവർക്ക് ഒരു കുട്ടി ജനിച്ചാൽ, ആ കുട്ടിക്ക് ആരോഗ്യ സംരക്ഷണത്തിനും സാമൂഹിക സേവനങ്ങൾക്കും വിദ്യാഭ്യാസ ആനുകൂല്യത്തിനും അർഹതയുണ്ടായിരിക്കില്ല. ആർ വീസയിൽ എത്തിയ പുരോഹിതന്മാരുടെ കുട്ടികൾക്കും ഇതേ അവസ്ഥ തന്നെയായിരിക്കും. ഓട്ടിസം പോലുള്ള അസുഖങ്ങൾ ബാധിച്ചവരെയും മറ്റു പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളെയും ഇതു ബാധിക്കും. അവരുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി മാതാപിതാക്കൾക്കു പ്രതിമാസം ആയിരക്കണക്കിന് ഡോളർ ചെലവഴിക്കേണ്ടി വരും.
‘‘ഭരണഘടനയുടെ ലംഘനമാണെങ്കിൽ, ഫെഡറൽ കോടതിക്കു പുതിയ തീരുമാനത്തെ തടയാം. ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 22 സംസ്ഥാനങ്ങൾ ഇതിനകം ട്രംപ് ഭരണകൂടത്തിനെതിരെ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. എക്സിക്യൂട്ടീവ് ഉത്തരവിൽ ഫെഡറൽ ജഡ്ജി അനുകൂല വിധി പുറപ്പെടുവിച്ചാൽ, സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയെ സമീപിക്കാം. മറ്റൊരു കാര്യം, ജനനാവകാശത്തിൽ പല ആളുകളും പൗരത്വത്തെ ദുരുപയോഗം ചെയ്യുന്നുണ്ട്. കുട്ടി യുഎസ് പൗരനാകാൻ വേണ്ടി ടൂറിസ്റ്റ് വീസയിൽ ഗർഭിണികൾ കുട്ടിയെ പ്രസവിക്കാൻ യുഎസിലേക്കു വരുന്നു’’ – ടെക്സസിൽനിന്നു സി.ജി.ഡാനിയേൽ മനോരമ ഓൺലൈനോടു പറഞ്ഞു.
∙ ജന്മാവകാശ പൗരത്വത്തെ പറ്റിയുള്ള ചർച്ചകൾ നിലവിൽ യുഎസിലെ ഇന്ത്യൻ കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നു?
അമേരിക്കയിൽനിന്നും സിബി ഡേവിഡ് പറയുന്നതിങ്ങനെ: ‘‘അമേരിക്കയിലെ ജന്മ-പൗരത്വ നിയമ ഭേദഗതി വിഷയം വ്യാപകമായ ചർച്ചകൾക്കും ആശങ്കകൾക്കും വഴി വച്ചിരിക്കുകയാണ്. അമേരിക്കയിൽ അനധികൃതമായി കടന്നുകൂടുന്നവർക്ക് ഇവിടെ വച്ചു കുട്ടികളുണ്ടായാൽ അതു നിയമപരമല്ല എന്ന വാദമാണ് പ്രധാനമായും തെളിഞ്ഞുനിൽക്കുന്നത്. എന്നാൽ നിയമപരമായി വന്നവരെയും ഈ നിയമങ്ങൾ ബാധിക്കാം എന്ന രീതിയിൽ അതു വ്യഖ്യാനം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
മലയാളികളെ സംബന്ധിച്ചു വ്യാപകമായ അനധികൃത കുടിയേറ്റം അമേരിക്കയിൽ ഒരു വിഷയമായി കരുതേണ്ടതില്ലെങ്കിലും മറ്റു വിഭാഗങ്ങളിൽ പെടുന്ന വീസകളിൽ എത്തിയവർ ഈ സാഹചര്യത്തെ എങ്ങനെ കാണുന്നു എന്നതും ഇത്തരം ചർച്ചകളിൽ പരിഗണിക്കേണ്ടതാണ്. ഉദാഹരണമായി പ്രഫഷനൽ വീസകളിൽ എത്തിയവരുടെ ഭാര്യമാർക്ക് പ്രഫഷനൽ വീസ ഉണ്ടാകണമെന്നില്ല. അവരുടെ കുട്ടികളുടെ ഭാവിയെ ഈ നിയമങ്ങൾ എങ്ങനെ ബാധിക്കുന്നു?
മതപരമായ വീസകളിൽ, ഉദാഹരണത്തിന് ക്രിസ്ത്യൻ വൈദികരുടെ കാലാവധി തീരും മുൻപേ അവരുടെ ഭാര്യമാരിൽ ജനിച്ച കുട്ടികളുടെ വീസ സ്റ്റാറ്റസ് എങ്ങനെ പരിഗണിക്കപ്പെടും? തുടങ്ങിയ കാര്യങ്ങളും വ്യക്തമല്ല. മാത്രമല്ല സ്റ്റുഡന്റ് വീസകളിൽ വന്നവർ, താൽകാലിക ബിസിനസ് വീസകളിൽ വന്നവർ തുടങ്ങി വിവിധ കാറ്റഗറികളിൽപ്പെട്ടവരെ പ്രതികൂലമായി ഈ നിയമങ്ങൾ ബാധിക്കുമോ എന്ന് ഇനിയും അറിയേണ്ടതുണ്ട്.’’
‘‘ട്രംപിന്റെ പുതിയ ഉത്തരവ് അമേരിക്കയിലേക്ക് നിയമപരമായി എത്തിയവരെയും ഗ്രീൻ കാർഡ് ഹോൾഡേഴ്സ് അതായത് പെർമനന്റ് റെസിഡൻസിയിലുള്ള ആളുകളെയും ബാധിക്കില്ല. കൂടുതലായും ഇതു ബാധിക്കുന്നത് ജോലിക്കുവേണ്ടി എച്ച് വൺ വീസയിലും എൽ വൺ വീസയിലും അനധികൃതമായി കുടിയേറിയിട്ടുള്ളവർക്കും വിസിറ്റിങ്ങിനുവന്നു പ്രസവിക്കുന്ന ആൾക്കാരെയും മാത്രമാണ്. അതുകൊണ്ട് തൽക്കാലം ഇന്ത്യക്കാർക്കു ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഈ നിയമത്തിനെതിരെ ഇപ്പോൾ തന്നെ വാഷിങ്ടൻ സംസ്ഥാനത്തെ സിയാറ്റിൽ ഫെഡറൽ കോടതി അതിന്റേതായ ഉത്തരവ് അടുത്ത 14 ദിവസത്തേക്കു മരവിപ്പിച്ചു കഴിഞ്ഞു. എന്നാൽ ട്രംപ് സർക്കാർ സുപ്രീം കോടതിയില്‍ ഇതിനെതിരെ പോകാനുള്ള സാധ്യതയും ഉണ്ട്. ബെർത് റൈറ്റ് സിറ്റിസൺഷിപ്പ് അമേരിക്കയിൽ മാത്രമുള്ള ഒരു പ്രതിഭാസമാണ്. ലോകത്ത് മറ്റൊരു രാജ്യത്തും ഇങ്ങനെ ഒരു നിയമം ഇല്ല’’ – ന്യൂയോർക്കിലുള്ള തോമസ് ജോൺ പറഞ്ഞു.
‘‘ഇപ്പോൾ വരുന്ന ഈ വാർത്തകളൊക്കെ കേൾക്കുമ്പോൾ പ്രാക്റ്റിക്കലി വെരി ഡിഫിക്കല്‍റ്റ്. ഞങ്ങൾ യുഎസിൽ വന്നത് എൽ1 വീസയിലായിരുന്നു. അതായത് ഇന്റർ കമ്പനി ട്രാൻസ്ഫർ കാറ്റഗറിയിൽ. വൈഫും രണ്ടു കുട്ടികളും അവര്‍ ഡിപ്പൻഡന്റ് വീസയിൽ വന്നു. ഞങ്ങൾക്ക് യുഎസ് ബെർത് റൈറ്റിന്റെ കാര്യമോ സിറ്റിസൺഷിപ്പിന്റെ കാര്യമോ അറിയില്ലായിരുന്നു. ന്യൂയോർക്കിലെ യുഎസ് കോൺസുലേറ്റിൽ ചോദിച്ചപ്പോഴാണ് നിങ്ങൾ അമേരിക്കൻ സിറ്റിസൺഷിപ്പിന് അപ്ലൈ ചെയ്യണമെന്നും അവിടുന്ന് പാസ്പോർട്ട് എടുത്തിട്ട് ഇന്ത്യൻ വീസയിൽ ഇന്ത്യയിലേക്കു പോകണം എന്നും പറഞ്ഞത്. ഇവിടെ തിരിച്ചു വന്ന് കുട്ടികളെ സ്കൂളിലും കോളജിലും ഒക്കെ ചേർത്തു. അതിനു ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. എൻജിനീയറിങ്ങിനു ചില ഗവൺമെന്റ് സ്ഥാപനങ്ങളിൽ കിട്ടില്ല, അവരുടെ എൻട്രൻസ് എഴുതാൻ പറ്റില്ല എന്നൊക്കെയുളള നിബന്ധനകളുണ്ടായിരുന്നു’’ - ജോലി സംബന്ധമായി യുഎസിൽ താമസിച്ച് ഇപ്പോൾ നാട്ടിൽ കഴിയുന്ന കോശി അലക്സാണ്ടർ പറയുന്നു.