‘കേടായ പന്നിമാംസം’: പായിൽ പൊതിഞ്ഞ് കൊലക്കേസ് പ്രതിയുടെ മൃതദേഹം; കൈ വെട്ടി മാറ്റി: 6 പേർ കസ്റ്റഡിയിൽ

Mail This Article
മൂലമറ്റം∙ ഇടുക്കി മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ മേലുകാവ് എരുമാപ്ര പാറശ്ശേരിയിൽ സാജൻ സാമുവലിനെ(47)യാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലക്കേസിൽ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണു പിടിയിലായത്. എട്ടു പേരാണ് കൊലയാളി സംഘത്തിലുൾപ്പെട്ടത്.
ഓട്ടോറിക്ഷയിലാണ് മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോയത്. ഓട്ടോ ഡ്രൈവർ നൽകിയ വിവരമാണ് കേസിൽ നിർണായകമായത്. കഴിഞ്ഞ 30നു രാത്രി പത്തോടെ എരുമാപ്രയിൽനിന്ന്, കേടായ പന്നിമാംസമെന്നു പറഞ്ഞു പൊതിഞ്ഞ നിലയിലാണ് മൃതദേഹം 25 കിലോമീറ്റർ അകലെയുള്ള തേക്കിൻകൂപ്പിലെ ട്രാൻസ്‌ഫോമറിനു സമീപം ഇറക്കിയത്. സംശയം തോന്നിയ ഓട്ടോഡ്രൈവർ വിവരം പിതാവിനോടു പറഞ്ഞു. പിതാവ് സംഭവം കാഞ്ഞാർ എസ്ഐ ബൈജു പി.ബാബുവിനെ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുഴിച്ചിടാനായി ശ്രമം നടത്തിയതായും സൂചനയുണ്ട്. ഇന്നലെ രാവിലെ 9.30നാണ് മൃതദേഹം മൂലമറ്റം കെഎസ്ഇബി കോളനിക്കു സമീപം തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ കണ്ടത്.
മേലുകാവിൽനിന്നു കാണാതായ സാജനു വേണ്ടി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് വിവരം കിട്ടുന്നത്. തുടർന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. കാലുകൾ പുറത്തേക്കു തള്ളിയ നിലയിലായിരുന്നു. ഇടതുകൈ വെട്ടിയെടുത്തിരുന്നു. തലയുടെ വലതുവശത്തും ഉച്ചിയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. 29 മുതൽ സാജൻ സാമുവലിനെ കാണാനില്ലെന്നു മേലുകാവ് പൊലീസ് സ്റ്റേഷനിൽ പരാതി ഉണ്ടായിരുന്നു. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യത്തിന്റെ ഭാഗമാണോ കൊലപാതകമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
∙ ഒട്ടേറെ കേസുകൾ
2018 മേയിൽ കോതമംഗലം മരിയ ബാറിൽ വലിയപാറ പാറപ്പുറത്ത് ബിനു ചാക്കോയെ(27) കൊല ചെയ്ത കേസിലെ പ്രതിയാണ് സാജൻ സാമുവൽ എന്ന് പൊലീസ് പറഞ്ഞു. ബാറിലുണ്ടായ വാക്കുതർക്കത്തെത്തുടർന്നാണ് കത്തിക്കുത്ത് ഉണ്ടായത്. മുട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ബാറിലും ഇയാൾ കത്തിക്കുത്തു നടത്തിയിട്ടുണ്ട്. ഈ കേസിലും വിചാരണ നടന്നുവരികയാണ്.
2022 ഫെബ്രുവരിയിൽ മുട്ടം ബാറിനു സമീപം ഗതാഗത തടസ്സമുണ്ടാക്കി കാർ പാർക്ക് ചെയ്ത സാജനോട് കാർ മാറ്റിയിടാൻ നാട്ടുകാർ പറഞ്ഞു. തുടർന്ന് നാട്ടുകാരുടെ നേരെ കാർ ഓടിച്ച് അപകടപ്പെടുത്താൻ ശ്രമിക്കുകയും കാറിൽനിന്നു തോക്കെടുത്ത് നാട്ടുകാരുടെ നേരെ നിറയൊഴിക്കുകയും ചെയ്തു. പരാതിക്കാരില്ലാത്തതിനാൽ കേസെടുത്തില്ല. 2022 ഓഗസ്റ്റിൽ കാപ്പ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
കോട്ടയം ജില്ലയിലെ പൊൻകുന്നം, മരങ്ങാട്ടുപിള്ളി, മേലുകാവ്, പാലാ, കാഞ്ഞിരപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം മൂവാറ്റുപുഴ എന്നിവിടങ്ങളിലും ഇടുക്കി ജില്ലയിലെ കട്ടപ്പന, മുട്ടം, തൊടുപുഴ എന്നീ സ്റ്റേഷനുകളിലും ഒട്ടേറെ ക്രിമിനൽ കേസുകളിൽ സാജൻ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.