‘ഏകീകൃത കുർബാനയ്ക്കിടെ അക്രമം വേദനാജനകവും അപലപനീയവും; ഗുരുതര തെറ്റ്, നടപടിയെടുക്കും’

Mail This Article
കൊച്ചി ∙ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഏകീകൃത കുർബാന അർപ്പിച്ചു കൊണ്ടിരുന്ന പ്രീസ്റ്റ് ഇൻ ചാർജ് ഫാ.ജോൺ തോട്ടുപുറത്തിനെതിരെ നടന്ന അക്രമം വേദനാജനകവും അപലപനീയവുമാണെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച്ബിഷപ്പിന്റെ വികാരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ അറിയിച്ചു. കുർബാനയർപ്പിക്കുന്ന വൈദികനെ അക്രമിക്കുന്നത് കുർബാനയെ അവഹേളിക്കുന്ന ഗുരുതരമായ തെറ്റായി കാണും.
സാമാന്യമര്യാദയുടെയും അടിസ്ഥാന ക്രൈസ്തവ ജീവിത ശൈലിയുടെയും അതിർവരമ്പുകൾ ലംഘിക്കുന്നതു പൊതുസമൂഹത്തിലും അമ്പരപ്പ് ഉളവാക്കുന്നുണ്ട്. ഇതു ന്യായീകരിക്കാൻ കഴിയില്ല. അക്രമത്തിൽ പങ്കുകാരായ എല്ലാവർക്കുമെതിരെ കാനൻ നിയമവും രാജ്യത്തിന്റെ നിയമം അനുശാസിക്കുന്ന നടപടികൾ ആരംഭിച്ചതായും സഭാ നേതൃത്വം അറിയിച്ചു.
കുർബാന സംബന്ധിച്ച തർക്കം വിശ്വാസ ജീവിതത്തെയും സഭാ സംവിധാനങ്ങളെയും അച്ചടക്കത്തെയും ദുർബലപ്പെടുത്തും. അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാനും പ്രതികരിക്കാനുമുള്ള സാമാന്യ മര്യാദകളുടെ പരിധി ലംഘിക്കപ്പെടുന്നതു വേദനാജനകമാണ്. ഭിന്നതയും കലഹവും അവസാനിപ്പിച്ച് എല്ലാവരും ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും പാത സ്വീകരിക്കണമെന്നും സഭാ നേതൃത്വം ആഹ്വാനം ചെയ്തു. സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കായി പള്ളിയുടെ സമ്പത്ത് ദുരുപയോഗിക്കുകയും ക്രമസമാധാനപാലകരായ പൊലീസിനെ ഭീഷണികളിലൂടെ നിർവീര്യമാക്കുകയും ചെയ്ത് അതിരൂപതയിൽ അരാജകത്വം വിതയ്ക്കുന്ന വൈദികരും അൽമായരും സഭയെയാണു മുറിപ്പെടുത്തുന്നതെന്നും സഭാ നേതൃത്വം പറഞ്ഞു.
അതേസമയം, പ്രസാദഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്ന അനിഷ്ട സംഭവങ്ങളുടെ യഥാർഥ കുറ്റവാളികളെ സംരക്ഷിക്കാനും അതുവഴി സിനഡ് കുർബാനയ്ക്കു വേണ്ടി എന്തു കലാപവും സൃഷ്ടിക്കാനും ആഹ്വാനം നൽകുന്ന പ്രസ്താവനകളാണ് സഭാനേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്ന് അതിരൂപത സംരക്ഷണ സമിതി കുറ്റപ്പെടുത്തി. മേജർ ആർച്ച് ബിഷപ്പിന്റെയും മീഡിയാ കമ്മിഷന്റെയും പ്രസ്താവനകൾ വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണജനകവുമാണെന്നും അവർ കുറ്റപ്പെടുത്തി.
പ്രസാദഗിരി പള്ളി അൾത്താരയിലേക്കു പ്രീസ്റ്റ് ഇൻ ചാർജ് എന്ന വ്യാജേന ഫാ. ജോൺ തോട്ടുപുറവും നാൽപതോളം സിനഡ് അനുകൂല സംഘവും എത്തി കുർബാന ചൊല്ലാൻ തുടങ്ങിയതു കോടതിയലക്ഷ്യവും കൂരിയ സംവിധാനം ചെയ്ത പൊറാട്ടു നാടകവുമാണെന്ന് സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പറഞ്ഞു. പ്രസാദഗിരി പള്ളി വികാരി ഫാ. ജെറിൻ പാലത്തിങ്കലിനെ കൊല്ലാൻ ശ്രമിച്ചവരെയാണ് മേജർ ആർച്ച് ബിഷപ്പും മീഡിയാ കമ്മിഷനും പച്ചക്കള്ളം മാത്രം പറഞ്ഞു വെള്ളപൂശുന്നതെന്നും സമിതി കുറ്റപ്പെടുത്തി. ഫാ.ജെറിനും ഇടവകക്കാരും അറിയാതെ പള്ളിയുടെ അകത്തുകയറി വാതിലും ജനലും അടച്ചിട്ടു സിനഡ് കുർബാന ചൊല്ലാൻ ശ്രമിക്കുകയായിരുന്നു. കോടതിയുടെ സ്റ്റേ ഉത്തരവുള്ള കാര്യം ചൂണ്ടിക്കാട്ടി ഫാ.ജെറിൻ പള്ളിയുടെ പുറത്തേക്കു പോകാൻ ഒരുങ്ങുമ്പോൾ തടഞ്ഞു നിർത്തി മുഖത്തു പെപ്പർ സ്പ്രേ അടിച്ചു ശ്വാസംമുട്ടിക്കുകയുമായിരുന്നു. ഫാ.ജെറിൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്നും ഫാ. തളിയൻ പറഞ്ഞു.
2022 ഡിസംബർ 23, 24 തീയതികളിൽ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ കുർബാന ചൊല്ലിയിരുന്ന വൈദികരെ ആക്രമിച്ചു ബലിപീഠം തള്ളിമറിച്ചിട്ട സിനഡ് അനുകൂലികളെ അപലപിച്ച് സിനഡിന്റെ മീഡിയ കമ്മിഷൻ ഇതുവരെ പ്രസ്താവന ഇറക്കിയിട്ടില്ലെന്നും അതിരൂപത സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.