വേദിയിൽ ‘ജുവൽ തീഫ്’, ഹീസ്റ്റ് സിനിമയാണ് ഇഷ്ടമെന്ന് സെയ്ഫ്; പരുക്കിനുശേഷം ആദ്യം

Mail This Article
മുംബൈ ∙ വീട്ടിൽവച്ചു മോഷ്ടാവിന്റെ കുത്തേറ്റശേഷം ആദ്യമായി പൊതുവേദിയിലെത്തി ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. മോഷ്ടാവിന്റെ കഥ പറയുന്ന, താൻ നായകനായ നെറ്റ്‌ഫ്ലിക്സിന്റെ സിനിമാപ്രഖ്യാപന ചടങ്ങിലാണു താരമെത്തിയത്. ഇടതു കയ്യിൽ ബാൻഡേജ് കെട്ടി, നീല ഡെനിം ഷർട്ട് ധരിച്ചാണു സെയ്ഫ് വന്നത്.
ഈ വർഷം നെറ്റ്ഫ്ലിക്സ് ഇന്ത്യ ഒടിടിയിൽ റിലീസ് ചെയ്യുന്ന ‘ജുവൽ തീഫ്: ദ് ഹീസ്റ്റ് ബിഗിൻസ്’ എന്ന സിനിമ വേദിയിൽ പ്രഖ്യാപിച്ചു. സെയ്ഫും ജയ്ദീപ് അഹ്‌ലാവത്തുമാണു മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്നത്. ലോകത്തിലെ ഏറ്റവും അപൂർവ വജ്രമായ ആഫ്രിക്കൻ റെഡ് സൺ കവരുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണു സിനിമയുടെ ഇതിവൃത്തം.
പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷവാനാണെന്നു സെയ്ഫ് പറഞ്ഞു. ‘‘നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ സുഖവും സന്തോഷവും തോന്നുന്നു. ഈ ചിത്രത്തെക്കുറിച്ച് ഞാൻ ആവേശത്തിലാണ്. സിദ്ധാർഥും ഞാനും ഇതേപ്പറ്റി വളരെക്കാലമായി സംസാരിക്കുന്നുണ്ട്. മോഷ്ടാക്കളുടെ കഥ പറയുന്ന സിനിമ ചെയ്യാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇതു മനോഹരമായ ചിത്രമാണ്’’– സെയ്ഫ് പറഞ്ഞു.
ജനുവരി 16നു പുലർച്ചെ ബാന്ദ്രയിലെ വീട്ടിൽവച്ചാണു സെയ്ഫിനു മോഷ്ടാവിന്റെ കുത്തേറ്റത്. ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. 5 ദിവസത്തിനുശേഷം ആശുപത്രി വിട്ടു. സംഭവത്തിൽ ബംഗ്ലദേശ് സ്വദേശി മുഹമ്മദ് െഷരിഫുൽ ഇസ്‌ലാം ഷെഹ്സാദ് അറസ്റ്റിലായി. സെയ്ഫിന്റെ ചികിത്സയും അതിവേഗം 25 ലക്ഷം രൂപ ഇൻഷുറൻസ് അനുവദിച്ചതും വിവാദമായിരുന്നു.