മോഷ്ടിച്ച പണം ഉപയോഗിച്ച് കാമുകിക്ക് സമ്മാനിച്ചത് 3 കോടിയുടെ വീട്; മുൻ ബോക്സിങ് താരം അറസ്റ്റിൽ

Mail This Article
ബെംഗളൂരു∙ മോഷ്ടിച്ച പണം ഉപയോഗിച്ച് കുപ്രസിദ്ധ അന്തർസ്സംസ്ഥാന മോഷ്ടാവ് കാമുകിക്ക് സമ്മാനിച്ചത് 3 കോടി രൂപ വില വരുന്ന വീട്. മുൻ പ്രഫഷനൽ ബോക്സിങ് താരം കൂടിയായ പഞ്ചാക്ഷരി ശങ്കയ്യസ്വാമിയെ (37) കഴിഞ്ഞ ദിവസമാണു ബെംഗളൂരു മഡിവാല പൊലീസ് അറസ്റ്റു ചെയ്തത്. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലായി 150ലേറെ കവർച്ച, ഭവനഭേദന കേസുകളിൽ പ്രതിയാണ് ഇയാൾ.
മഹാരാഷ്ട്രയിലെ സോലാപുർ മംഗൽവാർ പേഠ് സ്വദേശിയായ ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. അതേസമയം, കൊൽക്കത്ത സ്വദേശിയായ ഒരു പെൺകുട്ടിയുമായി ഇയാൾക്ക് അടുപ്പവുമുണ്ടായിരുന്നു. ഇവർ പ്രമുഖ സിനിമാതാരമാണെന്നാണു സൂചന. ദേശീയതലത്തിലെ ടൂർണമെന്റുകളിൽ വരെ പങ്കെടുത്തിട്ടുള്ള ബോക്സിങ് താരമായിരുന്ന പഞ്ചാക്ഷരി 2009ൽ കായികരംഗം ഉപേക്ഷിച്ചാണു മോഷണം തുടങ്ങുന്നത്. ആഡംബര ജീവിതം ലക്ഷ്യമിട്ടായിരുന്നു ഇത്. റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു പഞ്ചാക്ഷരിയുടെ പിതാവ്. അദ്ദേഹത്തിന്റെ മരണത്തോടെ മാതാവിന് ആ ജോലി ലഭിച്ചു. എന്നാൽ ഈ സമയം ലഹരിക്ക് അടിമയായ ഇയാൾ കുറ്റകൃത്യങ്ങളിലേക്കു തിരിയുകയായിരുന്നു.
2016ലാണ് പെൺസുഹൃത്തിനായി കൊൽക്കത്തയിൽ മൂന്നുകോടിയുടെ ആഡംബര വീട് പണിതത്. ഇവരുടെ പിറന്നാളിന് 22 ലക്ഷം രൂപ വിലവരുന്ന അക്വേറിയം സമ്മാനമായി നൽകുകയും ചെയ്തു. അതേസമയം, ബെംഗളൂരുവിൽ അമ്മയുടെ പേരിലുള്ള 400 ചതുരശ്രയടി വീട്ടിലായിരുന്നു പഞ്ചാക്ഷരിയുടെ താമസം. വായ്പ തിരിച്ചടയ്ക്കാത്തതിന് ഈ വീട് ജപ്തി ചെയ്യാൻ ബാങ്കിൽനിന്ന് നോട്ടിസ് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കൽനിന്ന് 181 ഗ്രാം സ്വർണം, 333 ഗ്രാം വെള്ളി, ആഭരണങ്ങൾ ഉരുക്കാൻ ഉപയോഗിച്ചിരുന്ന ഫയർ ഗൺ എന്നിവ ലഭിച്ചെന്നും പൊലീസ് കൂട്ടിച്ചേർത്തു. മോഷ്ടിക്കുന്ന ആഭരണങ്ങൾ ഉരുക്കി സ്വർണക്കട്ടികളാക്കി വിൽക്കുകയാണ് പഞ്ചാക്ഷരിയും സംഘവും ചെയ്തിരുന്നത്.