‘ഉത്തരവിൽ അവ്യക്തത’; ആശങ്കയിൽ വൈറ്റിലയിലെ ആർമി ടവേഴ്സിലെ ഫ്ലാറ്റ് ഉടമകൾ, കോടതിയെ സമീപിച്ചേക്കും

Mail This Article
കൊച്ചി∙ വൈറ്റില സിൽവർസാൻഡ് ഐലൻഡിലെ ചന്ദർകുഞ്ച് ആർമി ടവേഴ്സ് പൊളിച്ചു പുതിയതു നിർമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ആശങ്കയും ആശയക്കുഴപ്പവും ഒഴിയാതെ ഫ്ലാറ്റ് ഉടമകൾ. ഉത്തരവിൽ അവ്യക്തതയുണ്ടെന്നു ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നു ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി. മാത്രമല്ല, തങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന വിധത്തിലല്ല പ്രശ്നപരിഹാരമുണ്ടാകുന്നതെന്ന പരാതിയും ഇവർക്കുണ്ട്. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി താമസക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് കഴിഞ്ഞ ദിവസം അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ‘ബി’, ‘സി’ ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കാൻ ഉത്തരവിട്ടത്. എന്നാൽ നിർമാണ പിഴവിന് ഉത്തരവാദികളായ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷനെ (എഡബ്ല്യുഎച്ച്ഒ) ഇക്കാര്യത്തിൽ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പകരം കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും ഇന്നു നടത്തിയ വാർത്താ സമ്മേളനത്തിൽ ഫ്ലാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടി.
സൈനികർക്കും വിരമിച്ചവർക്കുമായി എഡബ്ല്യുഎച്ച്ഒ നിർമിച്ച് 2018ലാണ് ഫ്ലാറ്റ് സമുച്ചയങ്ങൾ താമസക്കാർക്ക് കൈമാറിയത്. എന്നാൽ 208 ഫ്ലാറ്റുകൾ ഉൾക്കൊള്ളുന്ന ബി,സി ടവറുകളുടെ നിർമാണ പിഴവുകൾ വൈകാതെ തന്നെ പുറത്തു വരികയും ഫ്ലാറ്റ് ഉടമകൾ കോടതിയെ സമീപിക്കുകയുമായിരുന്നു. താമസക്കാരെ എത്രയും വേഗം ഒഴിപ്പിക്കുന്നതിനും ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കുന്നതിനും ജില്ലാ കലക്ടർ രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു സമിതി രൂപീകരിക്കണമെന്നായിരുന്നു കോടതി നിർദേശം. സ്ട്രക്ചറൽ എൻജിനീയർ, റസിഡന്റസ് അസോസിയേഷന്റെ 2 പ്രതിനിധികൾ, മുൻസിപ്പാലിറ്റിയിലെ എൻജിനീയർ, ടൗൺ പ്ലാനിങ് വിഭാഗത്തിന്റെ പ്രതിനിധി എന്നിവരാണ് ഈ സമിതിയിൽ ഉണ്ടാകേണ്ടത്. എന്നാൽ എഡബ്ല്യുഎച്ച്ഒ എന്തുകൊണ്ടാണ് സമിതിയിൽ ഇല്ലാത്തതെന്ന് ഫ്ലാറ്റ് ഉടമകൾ ചോദിക്കുന്നു.
175 കോടി രൂപ കൈമാറാൻ മാത്രമാണ് എഡബ്ല്യുഎച്ച്ഒയോട് പറഞ്ഞിരിക്കുന്നതെന്ന് ഉടമകൾ ചൂണ്ടിക്കാട്ടി. എന്നാൽ ഈ പണം കൊണ്ട് ഇവ പൊളിക്കാനും നിർമിക്കാനും സാധിക്കില്ല. പുതിയ ഫ്ലാറ്റുകൾ നിർമിച്ച് കൈമാറുമ്പോൾ തങ്ങളിൽ നിന്ന് കൂടുതൽ തുക ആവശ്യമെങ്കിൽ ഈടാക്കാമെന്നതും അംഗീകരിക്കാൻ പറ്റില്ലെന്ന് ഫ്ലാറ്റ് ഉടമകൾ പറയുന്നു.
വാടക ഇനത്തിൽ തുക നൽകുന്നതിലും കോടതി പറഞ്ഞതിൽ വ്യക്തതക്കുറവുണ്ടെന്നു ഫ്ലാറ്റ് ഉടമകൾ പറഞ്ഞു. 208 ഫ്ലാറ്റുകൾ ഉള്ളതിൽ 42 എണ്ണത്തിൽ മാത്രമേ ഇപ്പോൾ താമസക്കാരുള്ളൂ. ബാക്കിയുള്ളവർ നേരത്തെ ഒഴിഞ്ഞതാണ്. അപ്പോൾ അവർക്ക് വാടക ഇനത്തിൽ തുക ലഭിക്കില്ലേ എന്നും ഉടമകൾ ചോദിക്കുന്നു. ഫ്ലാറ്റുകൾ ലഭിച്ചശേഷം ഒട്ടേറ വീടുകളുടെ ഉൾഭാഗത്ത് നിര്‍മാണങ്ങളും മറ്റും നടത്തിയിരുന്നു. ഇവയിൽ പലതും എടുത്തുമാറ്റാൻ കഴിയാത്തതാണ്. ഈ നഷ്ടത്തിന് ആരു പരിഹാരം കാണുമെന്ന് ഫ്ലാറ്റ് ഉടമകൾ ചോദിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കുന്ന കാര്യങ്ങളും ആലോചനയിലുണ്ടെന്നാണ് ചന്ദർകുഞ്ച് റസിഡൻസ് വെൽഫയർ മെയിന്റനൻസ് സൊസൈറ്റി ജോ.സെക്രട്ടറി സജി തോമസ്, ഫ്ലാറ്റ് ഉടമകളും വിരമിച്ച സൈനികരുമായ വി.വി.കൃഷ്ണൻ, സ്മിത റാണി, ജോർജ് ആന്റണി, ആനീ ജോസ് എന്നിവർ പറഞ്ഞു.