ഒരാഴ്ചയ്ക്കകം വീണ്ടും അധ്യക്ഷനാകുമെന്ന് വിജയേന്ദ്ര; ഇന്ന് നഡ്ഡയെ കാണാൻ ബിജെപി വിമതർ

Mail This Article
ബെംഗളൂരു ∙ കർണാടകയിൽ ബി.വൈ.വിജയേന്ദ്ര വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നതു തടയുന്നതിനായി വിമത വിഭാഗം ഇന്ന് ഡൽഹിയിൽ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വിമത എംഎൽഎ ബസവഗൗഡ പാട്ടീൽ യത്നലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ കാണുന്നത്. ഡോ.കെ.സുധാകർ എംപി, രമേഷ് ജാർക്കിഹോളി എംഎൽഎ തുടങ്ങിയവരും ഒപ്പമുണ്ട്.
പുതിയ സംസ്ഥാന അധ്യക്ഷനെ ഒരാഴ്ചയ്ക്കകം നിയോഗിക്കുമെന്ന് വിജയേന്ദ്ര പറഞ്ഞു. വിമതപക്ഷം പിടിമുറുക്കുന്നതിനിടെയും എല്ലാവരുടെയും പിന്തുണയോടെ വീണ്ടും അധ്യക്ഷനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവച്ചു. ബിജെപിക്കുള്ളിൽ ഉൾപ്പാർട്ടി ജനാധിപത്യത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും വളരെ ചിട്ടയോടെയാണ് ബ്ലോക്ക് മുതൽ ദേശീയതലം വരെ തിരഞ്ഞെടുപ്പു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യെഡിയൂരപ്പയുടെയും മക്കളുടെയും കൈകളിലാണ് സംസ്ഥാന ബിജെപിയെന്ന ആരോപണം യത്നൽ ഇന്നലെയും തുടർന്നു. ‘കോൺഗ്രസുമായി അവർ ഒത്തുതീർപ്പു രാഷ്ട്രീയം കളിക്കുകയാണ്. യെഡിയൂരപ്പ കുടുംബത്തിന്റെ സ്വജന പക്ഷപാതം അവസാനിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെടും’– യത്നൽ പറഞ്ഞു.