‘കാറിനെ മറികടന്ന് എത്തിയ ബൈക്കിൽ ബസ് ഇടിച്ചു; നിയന്ത്രണം നഷ്ടമായി, ബസിനടിയിൽപ്പെടാതിരുന്നത് ഭാഗ്യം കൊണ്ട്’

Mail This Article
കോഴിക്കോട്∙ അരയിടത്തുപാലത്തു സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ വൻ ദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്. നിയന്ത്രണം വിട്ട ബസ് മറിഞ്ഞു നിരങ്ങിപ്പോകുകയായിരുന്നു. ഭാഗ്യം കൊണ്ടാണു രക്ഷപ്പെട്ടതെന്നു സംഭവസമയത്ത് അതുവഴി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പി.കെ.ഫർഹാൻ പറഞ്ഞു. ‘‘കാറിനെ മറികടന്ന് എത്തിയ മറ്റൊരു ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. ബൈക്കിന്റെ പിന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതോടെ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. ഈ കാറിന്റെ തൊട്ടുപിറകിലാണ് തന്റെ ബൈക്കുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് തന്റെ ബൈക്കിന്റെ സമീപത്താണു വീണത്. ഭാഗ്യം കൊണ്ടു മാത്രമാണ് ബസിനടിയിൽപ്പെടാതിരുന്നത്. ബസ് ഇടിച്ച ബൈക്ക് യാത്രക്കാരൻ, കാറിന്റെ തൊട്ടുമുന്നിലാണു വീണത്. കാർ പെട്ടെന്ന് ബ്രേക്കിട്ടതിനാൽ അയാളുടെ ദേഹത്ത് കയറിയില്ല. ഞങ്ങൾ ഓടിയെത്തിയപ്പോഴേക്കും ബൈക്ക് യാത്രക്കാരൻ റോഡിൽ വീണു കിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി’’– ഫർഹാൻ പറഞ്ഞു.
പാലത്തിനു താഴെ തങ്ങൾ ചായ കുടിച്ചുകൊണ്ടിരിക്കെയാണു ബസ് മറിഞ്ഞതെന്നു സ്ഥലത്തുണ്ടായിരുന്ന അബു താഹിറും മഹേഷും പറഞ്ഞു. ബസ് ആദ്യം ഒരു ബൈക്കിൽ ഇടിച്ചശേഷം മറ്റൊരു ബൈക്കിലും തട്ടി. രണ്ടാമത്തെ ബൈക്കുകാരനു നിസ്സാര പരുക്കേ ഉള്ളു. ഞങ്ങൾ ബസിന്റെ അടുത്തെത്തി ആളുകളെ പുറത്തിറക്കി. ഒട്ടേറെപ്പേർ ബസിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും എത്തി ആളുകളെ മാറ്റിയെന്നും ഇരുവരും പറഞ്ഞു. വൈകിട്ട് നാലു മണിക്കാണ് പാളയത്തുനിന്നും മാവൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അരയിടത്തുപാലം മേൽപ്പാലത്തിൽ മറിഞ്ഞത്. പുതിയ സ്റ്റാൻഡ് ഭാഗത്തേക്കു പാലം കയറി വരികയായിരുന്ന ബൈക്കും പാലം ഇറങ്ങുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. എതിർദിശയിൽ നിന്ന് കാറിനെ മറികടന്നുവന്ന ബൈക്കും ബസുമാണ് ഇടിച്ചത്.
ഇടിയിൽ നിന്ത്രണം വിട്ട ബസ് പാലം തീരുന്നിടത്തു റോഡിനു വലതുവശത്തേക്കാണു മറിഞ്ഞത്. നിറയെ വാഹനം പോകുന്ന റോഡിലാണ് അപകടം. ബസ് മറ്റുവാഹനങ്ങൾക്ക് മേലേക്ക് വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഒരാൾക്ക് ഗുരുതരമായി പരുക്കുണ്ട്. ഇയാൾ ബൈക്ക് യാത്രക്കാരനായ കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് ആണെന്നാണ് പ്രാഥമിക വിവരം. ബേബി മെമ്മോറിയൽ ആശുപത്രിയിലും മെഡിക്കൽ കോളജിലുമായി 55 പേരെയാണു പ്രവേശിപ്പിച്ചത്. നിസ്സാര പരുക്കേറ്റ ചിലരെ ഇതിനകം ഡിസ്ചാർജ് ചെയ്തു. ഫയർ ഫോഴ്സും പൊലീസും ചേർന്ന് ബസ് ഉയർത്തി മാറ്റി റോഡ് വൃത്തിയാക്കി. ആറരയോടെയാണ് പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനായത്.