ഡൽഹി മുഖ്യമന്ത്രിക്കെതിരെ കേസ്; ജനാധിപത്യം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ കൈകളിലെന്ന് അതിഷി

Mail This Article
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും കേസെടുത്ത് ഡൽഹി പൊലീസ്. ചൊവ്വാഴ്ച പുലർച്ച 12.30 ഓടെ അതിഷിയും എഴുപതോളം ആംആദ്മി പാർട്ടി (എഎപി) പ്രവർത്തകരും പത്ത് വാഹനങ്ങളിലെത്തി ഫത്തേ സിങ് മാർഗിനു സമീപം തടസമുണ്ടാക്കിയെന്നാണ് കേസ്.
തിരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് ഇവിടെനിന്ന് പിരിഞ്ഞുപോകണമെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയെന്നും ഗോവിന്ദ്പുരി പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. രണ്ട് എഎപി പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പൊലീസ് ആരോപിച്ചു.
കൽകാജി മണ്ഡലത്തിലെ എഎപി സ്ഥാനാർഥിയാണ് അതിഷി. അതേസമയം, ബിജെപി ‘തെമ്മാടിത്തരം’ കാണിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷനും ഡൽഹി പൊലീസും അവരെ സംരക്ഷിക്കുകയാണെന്നും അതിഷി പ്രതികരിച്ചു. ഇന്ത്യയുടെ ജനാധിപത്യം ഇപ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ കൈകളിലാണുള്ളത്. രാജ്യതലസ്ഥാനത്ത് ജനാധിപത്യം അതിജീവിക്കുമോയെന്ന് രാജ്യമാകെ ഉറ്റുനോക്കുകയാണെന്നും അതിഷി പറഞ്ഞു.
‘പരസ്യമായി തെമ്മാടിത്തരം ചെയ്യുകയാണ് ബിജെപി. അവർക്കെതിരെ നടപടി എടുക്കുന്നതിനു പകരം ഡൽഹി പൊലീസ് അവരെ സംരക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനാണെങ്കിൽ പരാതി നൽകുന്നവർക്കെതിരെയാണ് കേസ് എടുക്കുന്നത്. കൽകജിയിലെ ബിജെപി സ്ഥാനാർഥി രമേഷ് ബിധുരിയും കുടുംബാംഗങ്ങളും മണ്ഡലത്തിൽ തെമ്മാടിത്തം നടത്തുകയാണ്.’–അതിഷി പറഞ്ഞു.