2.30 കോടിയുടെ സാമ്പത്തിക ക്രമക്കേട്; പാർട്ടി പരിശോധനയിൽ 4 ലക്ഷം, പി.രാജുവിനെതിരായ അച്ചടക്ക നടപടി ലഘൂകരിക്കും

Mail This Article
കൊച്ചി ∙ വിഭാഗീയതയും അഴിമതി ആരോപണങ്ങളും കൊണ്ട് കലങ്ങിമറിഞ്ഞ സിപിഐയുടെ എറണാകുളം ജില്ലാ കൗൺസിലിൽ വീണ്ടും ട്വിസ്റ്റ്. മുന്‍ ജില്ലാ സെക്രട്ടറി പി.രാജുവിനെതിരെ ഉയർന്ന 2.30 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപണം പാർട്ടി കണ്‍ട്രോള്‍ കമ്മീഷൻ പരിശോധനയിൽ 4 ലക്ഷമായി കുറഞ്ഞു. ഇതോടെ രാജുവിനെതിരായ അച്ചടക്ക നടപടി ലഘൂകരിക്കാനും തീരുമാനമായി. എന്നാൽ ക്രമക്കേട് തുക എങ്ങനെ ഇത്ര കുറഞ്ഞെന്ന ‘ആശ്ചര്യത്തിലാ’ണു നിലവിലെ ജില്ലാ നേതൃത്വം. ഇതോടെ വരുംനാളുകളിലും സിപിഐ ജില്ലാതലത്തിൽ കാറും കോളുമടങ്ങില്ല എന്നുറപ്പായി.
പി.രാജു ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ പാർട്ടിയുടെ സാമ്പത്തിക കണക്കുകളിൽ 75 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനും മുൻ ജില്ലാ ട്രഷറർ എം.ഡി.നിക്സനുമെതിരെ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. രാജുവിനെ എഴിക്കര എംഎൽഎ പടി ബ്രാഞ്ചിലേക്കും നിക്സണെ മണ്ഡലം കമ്മിറ്റിയിലേക്കും തരംതാഴ്ത്തി. തുടർന്ന് ഇരുവരും കൺട്രോൾ കമ്മിഷനെ സമീപിക്കുകയായിരുന്നു. താൻ ട്രഷറർ ആണെങ്കിലും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് ഓഫീസ് സെക്രട്ടറിയാണ് എന്ന നിക്സന്റെ വാദം അംഗീകരിച്ചാണ് കൺട്രോൾ കമ്മിഷൻ അദ്ദേഹത്തിനെതിരായ നടപടി റദ്ദാക്കുകയും ജില്ലാ കൗൺസിലിൽ ഉൾപ്പെടുത്താൻ നിർദേശിക്കുകയും ചെയ്തു.
അതേസമയം, രാജുവിനെതിരെ ആദ്യം 75 ലക്ഷത്തിന്റെയും പിന്നീട് ഇത് 2.30 കോടി രൂപയുടെയും ക്രമക്കേടാണെന്നാണ് അന്വേഷണ കമ്മിഷൻ കണ്ടെത്തിയത്. തുടർന്ന് ഇത് പരിശോധിക്കാൻ കമ്മിഷൻ മറ്റൊരാളെ ഏർപ്പെടുത്തി. ഈ പരിശോധനയിലാണ് ക്രമക്കേട് 4 ലക്ഷം രൂപയുടെ മാത്രമാണെന്ന് കണ്ടെത്തിയത്. ദീർഘകാല അംഗമാണെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത ഉണ്ടായില്ല എന്ന് ചൂണ്ടിക്കാട്ടി പൂർണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. അദ്ദേഹത്തിനെതിരായ ശിക്ഷാ നടപടി എങ്ങനെ ലഘൂകരിക്കാമെന്ന് ജില്ലാ കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവിനോട് അഭിപ്രായം തേടിയിരിക്കുകയാണ്.