ടിപി വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കാൻ നിയോഗിച്ചത് ദിവകാരനെ; അതേ ദിവാകരൻ ഇന്ന് പുറത്ത്, പ്രതിഷേധം

Mail This Article
വടകര∙ പി.കെ.ദിവാകരനെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതോടെ മണിയൂരിൽ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവർത്തകർ. ഇന്നലെ വൈകിട്ടു പി.കെ.ദിവാകരനെ അനുകൂലിച്ചു മണിയൂർ ഹൈസ്കൂൾ – പാലയാട് ക്ഷേത്രം പരിസരത്ത് സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയത്, നേതൃത്വത്തിനു വലിയ തലവേദനയായിരിക്കുകയാണ്. ഒഞ്ചിയത്തുണ്ടായതിനു സമാനമായ വിഭാഗീയ പ്രശ്നങ്ങളിലേക്കു പോകാനിടയുള്ള സംഭവങ്ങളാണ് മണിയൂരിൽ അരങ്ങേറുന്നത്. ടി.പി.ചന്ദ്രശേഖരന്റെ വധത്തോടെ വലിയ പ്രതിസന്ധിയിലായ പാർട്ടി, ടി.പി.ചന്ദ്രശേഖരന്റെ അടുത്ത സുഹൃത്തായ പി.കെ.ദിവാകരനെ മുന്നിൽ നിർത്തിയാണു വിശദീകരണ യോഗങ്ങൾ നടത്തിയത്. ടി.പി വധത്തിൽ പാർട്ടിക്കു പങ്കില്ലെന്നു വിശദീകരിക്കാൻ ബ്രാഞ്ചുകൾ തോറും പ്രസംഗിക്കുന്നതിന് ദിവാകരനെയാണ് നിയോഗിച്ചിരുന്നത്. അതേ ദിവാകരനെ ജില്ലാ കമ്മിറ്റിയിൽനിന്നു മാറ്റിയതോടെ പ്രതിഷേധം പല വഴിക്കു പുകഞ്ഞു മറ്റൊരു വിഭാഗീയതയ്ക്കു വഴിതുറന്നു. ഇന്നലെ ആ പ്രതിഷേധം തെരുവിലേക്കറിങ്ങി.
മുൻ ജില്ലാ സെക്രട്ടറി പി.മോഹനനും ഭാര്യയും മുൻ എംഎൽഎയുമായ കെ.കെ.ലതികയ്ക്കും ദിവാകരനോടുള്ള അകൽച്ചയാണു ജില്ലാ കമ്മിറ്റിയിൽനിന്നു മാറ്റാൻ കാരണമെന്നാണു പുറത്തുവരുന്ന വിവരം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ.ലതിക കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ലയോടു തോറ്റിരുന്നു. ലതിക മത്സരിച്ചാൽ തോൽക്കുമെന്നു ദിവാകരൻ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പു നൽകിയിരുന്നു. ഫലം വന്നപ്പോൾ ലതികയ്ക്കു പ്രതീക്ഷിച്ചതിനും വോട്ടു കുറഞ്ഞത് ദിവാകരന്റെ പ്രവർത്തനമേഖലയായ മണിയൂർ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമായിരുന്നു. ഇതിനുശേഷമാണു കെ.കെ.ലതികയും ദിവാകരനും തമ്മിൽ അകൽച്ചയുണ്ടായത്. കോൺഗ്രസ് ഭരിച്ചിരുന്ന മണിയൂർ പഞ്ചായത്ത് ദിവാകരന്റെ നേതൃത്വത്തിൽ എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് എൽഡിഎഫാണ് ഇവിടെ തുടർച്ചയായി ഭരിക്കുന്നത്.
ടിപിയുടെ മരണശേഷം വടകര ഏരിയ സെക്രട്ടറിയായി പാർട്ടി ദിവാകരനെയാണു നിയോഗിച്ചത്. ടിപിയുടെ അടുത്ത സുഹൃത്തിനെ ഉപയോഗിച്ച് ടിപിയുടെ മരണം മൂലം പാർട്ടിക്കുണ്ടായ ക്ഷീണം മാറ്റുകയായിരുന്നു പ്രധാന ലക്ഷ്യം. പിന്നീട് ദിവാകരനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയപ്പോഴും പാർട്ടിയിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ അതു പ്രത്യക്ഷ പ്രതിഷേധത്തിലേക്കെത്തിയിരുന്നില്ല. ‘‘പാർട്ടിയെ വളർത്താൻ അഹോരാത്രം പ്രയത്നിച്ച ദിവാകരനെ ജില്ലാ കമ്മിറ്റിയിൽനിന്നു പുറത്താക്കിയ നടപടിയിൽ പ്രതിഷേധിക്കുക സഖാക്കളെ, തോന്നിയപോലെ പ്രവർത്തിക്കാൻ അനുവദിക്കില്ല’’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇന്നലത്തെ പ്രതിഷേധത്തിൽ മുഴക്കിയത്. മണിയൂർ, പാലയാട് പ്രദേശങ്ങളിൽ പലരും മെംബർഷിപ്പ് പുതുക്കാനും തയാറാകുന്നില്ല.
മണിയൂരിലും പരിസരത്തുമുള്ള ആളുകൾക്ക് ദിവാകരൻ സുപരിചിതനാണ്. മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളോടും നല്ല അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട്. ജില്ലാ കമ്മിറ്റിയിൽനിന്നു പുറത്താക്കിയതോടെ ദിവാകരന്റെ പഴയ ഫോട്ടോ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെ അമ്പതോളം വരുന്ന സജീവ സിപിഎം പ്രവർത്തകരാണ് ദിവാകരനെ മാറ്റിയതിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ഏറാമല പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ടു തുടങ്ങിയ പ്രശ്നമാണ് ആർഎംപി രൂപീകരണത്തിലേക്കും ടിപിയുടെ കൊലപാതകത്തിലേക്കും എത്തിയത്. ടിപിയുടെ മരണശേഷം വടകര ലോക്സഭ മണ്ഡലത്തിൽ സിപിഎമ്മിന് ജയിക്കാനായില്ല.