ഗുജറാത്തിലും ഏക സിവിൽ കോഡ്; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു മുഖ്യമന്ത്രി

Mail This Article
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിനു പിന്നാലെ ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കാൻ ഗുജറാത്തും. യുസിസി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കരട് തയ്യാറാക്കുന്നതിനായി ഉന്നതാധികാര സമിതിയെ നിയോഗിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചത്.
‘‘യുസിസി കരട് തയ്യാറാക്കുന്നതിനായി സുപ്രീംകോടതി റിട്ട. ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 45 ദിവസത്തിനുള്ളിൽ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അതനുസരിച്ചാകും സർക്കാർ തീരുമാനമെടുക്കുക’’–ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. ദിവസങ്ങൾക്കു മുമ്പാണ് ഉത്തരാഖണ്ഡ് യുസിസി നടപ്പാക്കിയത്. ഇതോടെ സ്വതന്ത്ര ഇന്ത്യയിൽ യുസിസി നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയിരുന്നു. ഉത്തരാഖണ്ഡിലും രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയാണു നിയമരൂപീകരണത്തിനുള്ള കരട് റിപ്പോർട്ട് തയ്യാറാക്കി നൽകിയത്.
ഇവിടെ ഏക സിവിൽ കോഡ് നടപ്പാക്കും എന്നത് 2022ലെ ബിജെപി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ഉത്തരാഖണ്ഡിൽ നിയമം പ്രാബല്യത്തിൽ വന്നതോടെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം, ലിവ് – ഇൻ – റിലേഷൻഷിപ്പ് തുടങ്ങിയവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഏകീകൃത നിയമം ആയിരിക്കും. ഇക്കാര്യങ്ങളിൽ നിലവിലുള്ള മതനിയമങ്ങൾ ഇതോടെ അസാധുവാകും. സംസ്ഥാന ജനസംഖ്യയുടെ 2.89% വരുന്ന പട്ടികവിഭാഗക്കാരെ നിയമത്തിന്റെ പരിധിയിൽ പെടുത്തിയിട്ടില്ല.