‘വിജയ് മല്യയെയും നീരവ് മോദിയെയും കൂട്ടുപിടിക്കേണ്ട’: ലഹരിക്കേസ് പ്രതിക്ക് വിദേശത്തു പോകാന്‍ അനുമതി

Mail This Article
കൊച്ചി∙ ലഹരിക്കേസ് പ്രതിക്ക് വിദേശത്തു പോകാന്‍ അനുമതി നൽകുന്നതിന് വിജയ് മല്യയെയും നീരവ് മോദിയെയും കൂട്ടുപിടിക്കേണ്ടെന്ന് ഹൈക്കോടതി. തൃശൂർ സ്വദേശിയായ 24കാരന് വിദേശത്ത് ജോലിക്കു പോകാൻ അനുമതി നൽകിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. പ്രതി വിദേശത്തു പോയാൽ വിജയ് മല്യയെയും നീരവ് മോദിയെയുംപോലെ ഒളിവിൽ പോകുമെന്ന സെഷൻസ് കോടതിയുടെ പരാമർശം അനുചിതമാണെന്നും കോടതി വ്യക്തമാക്കി.
2019ലാണ് കേസിനാസ്പദമായ സംഭവം. ലഹരി പിടികൂടിയ കേസിൽ നാലാം പ്രതിയായിരുന്നു അന്ന് 18 വയസുണ്ടായിരുന്ന ഹർജിക്കാരൻ. തുടർന്നു ജാമ്യം ലഭിച്ചെങ്കിലും വിദേശത്തു പോകാനുള്ള അനുമതി നിഷേധിക്കപ്പെട്ടു. ഇതിനെതിരെയാണു യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നു കേസിന്റെ വിശദാംശങ്ങൾ കോടതി ആരാഞ്ഞു. ആറു വർഷമായ കേസ് തീർപ്പാകാൻ കുറഞ്ഞത് രണ്ടു വർഷം കൂടിയെടുത്തേക്കുമെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി വിവരമറിയിച്ചു.
അഞ്ചു വർഷത്തിലേറെ പഴക്കമുള്ള ആയിരത്തിലേറെ കേസുകൾ കെട്ടിക്കിടക്കുന്നുവെന്നും ആകെ 4000ത്തോളം കേസുകളിൽ തീർപ്പുകൽപ്പിക്കാനുണ്ടെന്നും റിപ്പോർട്ടിലുണ്ടായരുന്നു. കേസ് സമീപ ഭാവിയിലെങ്ങും തീരാൻ സാധ്യതയില്ലാത്തതിനാൽ യുവാവിന് ജോലി അവസരം നിഷേധിക്കുന്നത് അനീതിയായിരിക്കുമെന്നും വ്യക്തമാക്കിയാണ് കോടതി അനുമതി നൽകിയത്.