ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന വികസനത്തിനായി ഇടതുസര്‍ക്കാര്‍ അഭിമാനപദ്ധതിയായി രൂപീകരിച്ച കിഫ്ബി ഒടുവില്‍ സര്‍ക്കാരിന് തന്നെ വലിയ തലവേദനയായി മാറുന്നു. ദേശീയപാതകളിലെ ഉള്‍പ്പെടെ ടോള്‍ പിരിവിനെതിരെ അതിശക്തമായി പ്രതികരിച്ചിരുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കിഫ്ബി ഫണ്ട് വഴി നിര്‍മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനമാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉയത്തിയത്. ടോള്‍രഹിത പാതയെന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടില്‍നിന്നാണ് ഇപ്പോള്‍ പിന്നോട്ടുപോകുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ടോള്‍ പിരിവിനെതിരെ സമരരംഗത്തിറങ്ങിയിരുന്ന ഇടതു യുവജനസംഘടനകളെയും സര്‍ക്കാര്‍ നിലപാട് വെട്ടിലാക്കും. 

ബജറ്റില്‍ ഉള്‍പ്പെടുത്താതെ പുറത്തുനിന്നു കടമെടുത്തു സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്കായി പണം കണ്ടെത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് എതിരെ പ്രതിപക്ഷം മുന്‍പു തന്നെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. വന്‍പലിശയ്ക്കു പണമെടുക്കുന്നതു വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുമെന്ന ആശങ്കയും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വലിയ പ്രതിഷേധമാണ് കോൺഗ്രസടക്കം ടോള്‍ പിരിവിനെതിരെ ഉയര്‍ത്തുന്നത്. ബ്രൂവറി വിഷയത്തില്‍ സിപിഐ ഉള്‍പ്പെടെ ഘടകകക്ഷികളില്‍നിന്നുള്‍പ്പെടെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ടോള്‍ പിരിവ് സർക്കാരിന് പുതിയ തലവേദനയാകുന്നത്.

ഇതിനിടെ കിഫ്ബി വഴിയും കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് (കെഎസ്എസ്പിഎല്‍) വഴിയും എടുക്കുന്ന ബജറ്റിതര കടമെടുക്കലുകള്‍ക്കെതിരെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ രംഗത്തെത്തിയതോടെ കേന്ദ്രം പിടിമുറുക്കുകയായിരുന്നു. 2023 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് കിഫ്ബിക്കും കെഎസ്എസ്പിഎല്ലിനും കൂടി 29,475.97 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് സിഎജി റിപ്പോർട്ട്. 

ബജറ്റിന് പുറത്തുനിന്ന് കിഫ്ബി വഴി ഈ കാലയളവില്‍ 17,742.68 കോടിയും കെഎസ്എസ്പിഎല്‍ വഴി 11,733,29 കോടി രൂപയുമാണ് കടമെടുത്തിരുന്നത്. 2022-23ല്‍ മാത്രം സംസ്ഥാന സര്‍ക്കാര്‍ ഈ രണ്ട് സ്ഥാപനങ്ങള്‍ വഴി 8058.91 കോടി രൂപയാണ് വായ്പയെടുത്തത്. ബജറ്റിതര കടമെടുപ്പ് കൂടി ഉള്‍പ്പെടുത്തി 2023 മാര്‍ച്ച് 31ന് സംസ്ഥാനത്തിന്റെ ആകെ ബാധ്യത 4,14,506.35 കോടി രൂപയാണെന്നും സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തില്‍ എടുത്ത കടങ്ങള്‍ സംസ്ഥാനത്തിന്റെ കടബാധ്യതയില്‍ പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചതോടെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറയുകയും നിത്യച്ചെലവിനുള്‍പ്പെടെ പണം കണ്ടെത്താനാകാത്ത അവസ്ഥയിലാകുകയും ചെയ്തു. കേന്ദ്രനടപടിക്കെതിരെ സംസ്ഥാനം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി ഈ മാസം പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് കിഫ്ബിയുടെ നിലനില്‍പ് തന്നെ അപകടത്തിലാകുന്ന ഘട്ടത്തില്‍ റോഡുകളില്‍നിന്ന് യൂസര്‍ ഫീ എന്ന നിലയില്‍ ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. പൊതുമരാമത്ത് വകുപ്പുമായി കിഫ്ബി നടത്തുന്ന 618 പദ്ധതികളില്‍ കൂടുതലും തീരദേശ, മലയോര പാതകളും പാലങ്ങളുമാണ്. ടോള്‍ പിരിവിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയാല്‍ വൻ പ്രതിഷേധങ്ങള്‍ക്കാവും പാതയോരങ്ങള്‍ സാക്ഷിയാകുക. 

ഇന്ധന സെസായി പിരിക്കുന്ന പണവും മോട്ടര്‍ വാഹന നികുതിയുടെ 50 ശതമാനവും കിഫ്ബിയിലേക്കു നല്‍കുന്നതിനു പുറമേയാണ് ഇപ്പോള്‍ ടോള്‍ പിരിക്കാനുള്ള തീരുമാനവും വരുന്നത്. 2022-23ല്‍ 2469.69 കോടി രൂപയാണ് ഇതുവഴി സര്‍ക്കാര്‍ കിഫ്ബിയിലേക്കു നല്‍കിയത്. 2021-22ല്‍ ഇത് 2068.08 കോടിയായിരുന്നു. 

ടോള്‍ പിരിക്കില്ലെന്ന് തോമസ് ഐസക് സഭയില്‍

കിഫ്ബി നടപ്പാക്കുന്ന പദ്ധതികളില്‍നിന്ന് യൂസര്‍ ഫീയോ ടോളോ പിരിക്കില്ലെന്ന്  2019ല്‍ ധനമന്ത്രി ആയിരുന്ന തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ ലംഘിക്കപ്പെടുന്നത്. 2019 ജൂണ്‍ 14ന് നിയമസഭയില്‍ വി.ടി.ബലറാം, ഐ.സി.ബാലകൃഷ്ണന്‍, എ.പി.അനില്‍കുമാര്‍, അനില്‍ അക്കര എന്നിവരാണ് ഇതു സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. കിഫ്ബി നടപ്പിലാക്കുന്ന പദ്ധതികളില്‍നിന്നും വരുമാനം ലഭ്യമാക്കാന്‍ യൂസര്‍ ഫീ, ടോള്‍ എന്നിവ പിരിക്കുന്ന കാര്യം ആലോചനയിലുണ്ടോ എന്ന ചോദ്യത്തിന് കിഫ്ബി നടപ്പിലാക്കുന്ന പദ്ധതികളില്‍ യൂസര്‍ഫീ, ടോള്‍ എന്നിവ പിരിക്കുന്ന കാര്യം ആലോചനയില്‍ ഇല്ല എന്നാണ് തോമസ് ഐസക് മറുപടി നല്‍കിയിരുന്നത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ടോള്‍ നിരോധനം

കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുമ്പോള്‍ മറക്കുന്നത് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പാര്‍ട്ടിയുടെ പ്രകടനപത്രിക. റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ളവ സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലയും വഴിയാക്കുമെന്നും പൊതു ഹൈവേകളില്‍നിന്ന് സ്വകാര്യ ഏജന്‍സികള്‍ ടോള്‍ ഉള്‍പ്പെടെ വരുമാനം പിരിച്ചെടുക്കുന്നത് അവസാനിപ്പിക്കുമെന്നുമാണ് പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്. 

എല്‍ഡിഎഫില്‍ വന്നത് അറിയിപ്പു മാത്രം

അതേസമയം, കിഫ്ബി റോഡുകളിലെ ടോള്‍ പിരിവ് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുത്തുവെന്ന് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറയുമ്പോഴും അത്തരത്തില്‍ വിശദമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെ സംസ്ഥാന വിരുദ്ധ നിലപാടുകള്‍ തുടര്‍ന്നാല്‍ കിഫ്ബി റോഡുകളില്‍നിന്ന് യൂസര്‍ ഫീ പിരിക്കേണ്ടിവന്നേക്കാം എന്ന അറിയിപ്പു മാത്രമാണ് എല്‍ഡിഎഫ് യോഗത്തില്‍ വന്നിരുന്നത്. ടോള്‍ പിരിവ് സംബന്ധിച്ച് വിശദചര്‍ച്ച നടന്നിരുന്നില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ധന, നിയമ മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനം ആയിക്കഴിഞ്ഞാണ് മിക്ക ഘടകകക്ഷികളും ടോള്‍ പിരിവിന്റെ കാര്യം അറിഞ്ഞത്. വന്‍കിട പദ്ധതികളില്‍ വരുമാനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടി വരുമെന്നാണ് ടി.പി.രാമകൃഷ്ണന്റെ പ്രതികരണം.

English Summary:

KIIFB Toll Controversy: Kerala Infrastructure Investment Fund Board (KIIFB)'s controversial toll collection plan faces widespread opposition. The government's decision contradicts earlier promises and raises concerns about increasing state debt and the financial burden on citizens.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com